ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടില്ല; ബംഗ്ലാദേശ് വാദം തള്ളി ബിഎസ്എഫും മേഘാലയ പൊലീസും

ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടില്ല; ബംഗ്ലാദേശ് വാദം തള്ളി ബിഎസ്എഫും മേഘാലയ പൊലീസും

ഷില്ലോങ്: ബംഗ്ലാദേശിലെ വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നു എന്ന ബംഗ്ലാദേശിന്റെ വാദം തള്ളി ബിഎസ്എഫും മേഘാലയ പൊലീസും. അക്രമികള്‍ സംസ്ഥാനത്തേക്ക് കടന്നുവെന്ന ബംഗ്ലാദേശ് പൊലീസിന്റെ അവകാശ വാദം മേഘാലയയിലെ സുരക്ഷാ ഏജന്‍സികള്‍ തള്ളുകയായിരുന്നു.

ഹാദി കൊലക്കേസിലെ രണ്ട് പ്രധാന പ്രതികള്‍ പ്രാദേശിക കൂട്ടാളികളുടെ സഹായത്തോടെ ഹലുവാഘട്ട് അതിര്‍ത്തി വഴി മേഘാലയയിലേക്ക് കടന്നതായാണ് ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ബംഗ്ലാദേശിന്റെ അവകാശ വാദം അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബിഎസ്എഫ് മേധാവി ഇന്‍സ്പെക്ടര്‍ ജനറല്‍ ഒ.പി ഉപാധ്യായ വ്യക്തമാക്കി.

ഹലുവാഘട്ട് സെക്ടറില്‍ നിന്ന് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് മേഘാലയയിലേക്ക് ആരെങ്കിലും കടന്നിട്ടുണ്ട് എന്നതിന് യാതൊരു തെളിവുമില്ല. അത്തരമൊരു സംഭവം ബിഎസ്എഫ് കണ്ടെത്തുകയോ അവര്‍ക്ക് അതിനെക്കുറിച്ചുള്ള എന്തെങ്കിലും റിപ്പോര്‍ട്ട് ലഭിക്കുകയോ ചെയ്തിട്ടില്ലെന്നും ഉപാധ്യായ പിടിഐയോട് പറഞ്ഞു.

ഹാദിയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന ഫൈസല്‍ കരിം മസൂദ്, ആലംഗീര്‍ ഷെയ്ഖ് എന്നിവരാണ് പ്രാദേശിക സഹായത്തോടെ മൈമെന്‍സിങിലെ ഹലുവാഘട്ട് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്നത് എന്നായിരുന്നു ബംഗ്ലാദേശ് പൊലീസിന്റെ അവകാശ വാദം. ഇവരെ സഹായിച്ചവരെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തുവെന്ന അനൗദ്യോഗിക വിവരം ലഭിച്ചിട്ടുള്ളതായും അവര്‍ ആരോപിച്ചിരുന്നു.

ഗാരോ ഹില്‍സ് മേഖലയില്‍ പ്രതികളുടെ സാന്നിധ്യമുണ്ടെന്ന ബംഗ്ലാദേശിന്റെ അവകാശ വാദം ശരിവെയ്ക്കുന്ന തരത്തിലുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും അത്തരം അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ലെന്നും മേഘാലയ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പ്രത്യേകം ജാഗ്രത പാലിക്കുന്നുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി നിരന്തരം നിരീക്ഷണത്തിലാണെന്നും അനധികൃതമായി അതിര്‍ത്തി കടക്കാനുള്ള ഏതൊരു ശ്രമവും ഉടന്‍ കണ്ടെത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ധാക്കയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസംബര്‍ 12 നാണ് 32 കാരനായ ഹാദി തലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.