തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ വന്‍ ജന സമ്പര്‍ക്ക പരിപാടികളുമായി സിപിഎം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഒന്നടങ്കം സമര രംഗത്തിറങ്ങും.
പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചും സംവദിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കാനുള്ള പദ്ധതികളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്.
അമിത ആത്മവിശ്വാസവും സംഘടനാ ദൗര്‍ബല്യങ്ങളും പ്രാദേശിക വീഴ്ചകളും തിരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ചെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഇത് പരിഹരിക്കാന്‍ വലിയ സമര പരിപാടികളും മറ്റും ആസൂത്രണം ചെയ്തിരിക്കുന്നത്.
തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലുണ്ടായ കൂറുമാറ്റം അടക്കം ആയുധമാക്കി കോണ്‍ഗ്രസിനെതിരെയും തൊഴിലുറപ്പ് പദ്ധതി ചൂണ്ടിക്കാട്ടി ബിജെപിക്കെതിയും പ്രചരണങ്ങള്‍ നടത്തും.
ജനുവരി 15 മുതല്‍ 22 വരെ കേരളത്തിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തി പാര്‍ട്ടിക്കുണ്ടായ പരാജയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അവതരിപ്പിച്ച് തുറന്ന സംവാദത്തിന് തയ്യാറാകും.
പാര്‍ട്ടി നേതൃത്വം മുതല്‍ താഴെ തലം വരെയുള്ള മുഴുവന്‍ ആളുകളും ഒരാഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന ഗൃഹ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കും. ജനുവരി 22 ന് ശേഷം കുടുംബ യോഗങ്ങള്‍ നടത്തും. ഒരു വാര്‍ഡില്‍ ഒരു യോഗം എന്ന രീതിയിലാകും നടത്തുക. ശേഷം ഓരോ ലോക്കല്‍ കമ്മിറ്റിയും പൊതുയോഗം നടത്തും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തില്‍ പ്രതിഷേധിച്ച് ശക്തിയായ പ്രക്ഷോഭ പരിപാടികളും ഇതോടൊപ്പം നടത്തും. ജനുവരി 12 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സത്യാഗ്രഹ സമരം നടത്തും. എംഎല്‍എമാരും എംപിമാരും എല്‍ഡിഎഫ് നേതാക്കളും ഇതില്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരായും കേരളത്തിനോടുള്ള അവഗണനയ്ക്കെതിരായുമാണ് സമരം. മതനിരപേക്ഷത സംരക്ഷിക്കാനുള്ള രാഷ്ട്രീയം ലക്ഷ്യം മുന്നോട്ട് വെച്ച് സംസ്ഥാനത്ത് മൂന്ന് വാഹന പ്രചാരണ ജാഥ നടത്തും. ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെയാണ് ജാഥ.
തൊഴിലുറപ്പ് പദ്ധതിക്കെതിരായ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ജനുവരി അഞ്ചിന് 23000 വാര്‍ഡുകളില്‍ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. ഈ പരിപാടിയില്‍ ലോക്ഭവനിലേക്കുള്ള മാര്‍ച്ചിന് പ്രഖ്യാപനം നടത്തും. ജനുവരി 15നാണ് മാര്‍ച്ച്. ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് ലോക്ഭവന് മുന്നിലുമാണ് പ്രതിഷേധം നടത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.