കോട്ടയം: കടുത്തുരുത്തി മുന്‍ എം.എല്‍.എ പി.എം മാത്യു അന്തരിച്ചു. ഒരാഴ്ചയായി കരള്‍ രോഗത്തെ തുടര്‍ന്ന് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3:30 നായിരുന്നു അന്ത്യം.
ഭൗതിക ശരീരം കടുത്തുരുത്തി കാപ്പുംതലയിലുള്ള വസതിയില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് കൊണ്ട് വരും. സംസ്‌കാര ശുശ്രഷ നാളെ (ഡിസംബര്‍ 31, ബുധനാഴ്ച) വൈകുന്നേരം മൂന്നിന് വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ (താഴത്ത് പള്ളി) അന്ത്യകര്‍മ്മങ്ങള്‍ നടക്കും.
കേരള കോണ്‍ഗ്രസ് എം. നേതാവായിരുന്നു. 1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് എം.എല്‍.എ ആയത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലെ സുപരിചിത മുഖമായിരുന്നു അദേഹം. കുറച്ച് കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതിനാല്‍ സംഘടനാ രംഗത്ത് സജീവമായിരുന്നില്ല.
പി.ജെ മാത്യുവിന്റെ മകനായി 1950 സെപ്റ്റംബര്‍ 30 നാണ് അദേഹം ജനിച്ചത്. നിയമ ബിരുദധാരിയായ അദേഹം ഒരു അഭിഭാഷകന്‍ കൂടിയായിരുന്നു. കുസുമം മാത്യുവാണ് ഭാര്യ; മൂന്ന് മക്കളുണ്ട്.
നിയമസഭയിലെ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, കെ.എസ്.എഫ്.ഇ വൈസ് ചെയര്‍മാന്‍, റബര്‍ മാര്‍ക്ക് വൈസ് പ്രസിഡന്റ് എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്ന പി.എം മാത്യുവിന്റെ വിയോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.