ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പങ്കെടുക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയയുടെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി തന്നെ ബംഗ്ലാദേശിലേക്ക് പോകുന്നത് എന്നതാണ് ശ്രദ്ധേയം.
ബുധനാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ബംഗ്ലാദേശ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷകൂടിയായിരുന്ന ഖാലിദ സിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ധാക്കയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
80 വയസ് ഉണ്ടായിരുന്ന ഖാലിദ സിയയെ ഏറെനാളായി വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. നവംബര്‍ അവസാനം മുതല്‍ കരള്‍ രോഗം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, പ്രമേഹം, ശ്വാസകോശ സംബന്ധമായ അണുബാധ എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ ആറോടെയാണ് മരണപ്പെട്ടത്.
17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം അടുത്തിടെ ബംഗ്ലാദേശില്‍ തിരിച്ചെത്തിയ മകന്‍ താരിഖ് റഹ്മാനും മറ്റ് കുടുംബാംഗങ്ങളും എല്ലാം ഖാലിദ സിയയുടെ അടുത്തുണ്ടായിരുന്നു. അവരുടെ സംസ്‌കാര പ്രാര്‍ത്ഥന, ബുധനാഴ്ച ഉച്ചകഴിഞ്ഞ് ധാക്കയിലെ നാഷണല്‍ പാര്‍ലമെന്റിന്റെ സൗത്ത് പ്ലാസയില്‍ നടക്കും. ശേഷം ബംഗ്ലാദേശിന്റെ മുന്‍ പ്രസിഡന്റും ഭര്‍ത്താവുമായിരുന്ന സിയാവുര്‍ റഹ്മാന്റെ ശവകുടീരത്തിന് സമീപം സിയാ ഉദ്യാനില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.