തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ നീട്ടിയതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഒന്നാം ഘട്ട പദ്ധതി ഒരു മാസം കൂടി നീട്ടുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
മെഡിസെപ് രണ്ടാം ഘട്ട പദ്ധതി ജനുവരി ഒന്ന് മുതല്‍ തുടങ്ങുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. രണ്ടാം ഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാം ഘട്ട പദ്ധതി ഒരു മാസം കൂടി നീട്ടിയത്.
അതിനാല്‍ രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയില്‍ വിതരണം ചെയ്യുന്ന ശമ്പളത്തില്‍ നിന്ന് പിടിക്കേണ്ടതില്ലെന്ന് ഡിഡിഒമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രീമിയം പിടിക്കപ്പെട്ടാല്‍ അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളില്‍ നിന്ന് കുറച്ചു നല്‍കണമെന്നും നിര്‍ദേശിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക കഴിഞ്ഞ ദിവസമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയാക്കി സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. 310 രൂപയാണ് ഒരുമാസം വര്‍ധിക്കുക. ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നല്‍കേണ്ടി വരിക.
അതേസമയം തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അധിക ബാധ്യത വരുത്തുന്നതാണ് ഈ നടപടിയെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.