നടപടി ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗത്തിനിടെ
മുംബൈ: മഹാരാഷ്ട്രയില്‍ ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കവെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂര്‍ സി.എസ്.ഐ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയാണ് ബേനോഡ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കൊപ്പം രണ്ട് പ്രാദേശിക വൈദികരെയും ഭാര്യമാരേയും കസ്റ്റഡിയിലെടുത്തു. അതേസമയം അറസ്റ്റ് സംബന്ധിച്ച് പൊലീസ് കാരണങ്ങളൊന്നും ഇതുവരെ വ്യക്തമായിട്ടില്ല.
പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് മലയാളി വൈദികനും ഭാര്യയും ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ പോയത്. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദര്‍ സുധീര്‍ തിരുവനന്തപുരം അമരവിള സ്വദേശിയാണ്.
മുമ്പും മലയാളി വൈദികരെയും കന്യാസ്ത്രീകളേയും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമര്‍ശനവുമായി ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിരുന്നു. ക്രിസ്മസ് സന്ദേശത്തിലൂടെയാണ് സഭാ അധ്യക്ഷന്മാര്‍ വിമര്‍ശനവുമായി രഗത്തെത്തിയത്.
ആക്രമണങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമെന്ന് സിഎസ്ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാന്‍ പ്രതികരിച്ചിരുന്നു. ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമങ്ങള്‍ ഉടന്‍ നിര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്യണമെന്നും മനുഷ്യാവകാശങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യ മാനദണ്ഡങ്ങളെക്കുറിച്ചും പൊലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും പരിശീലനം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നാഷണല്‍ കോഡിനേറ്റര്‍ എ.സി മിഖേയലാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്.
ഒക്ടോബറില്‍ മധ്യപ്രദേശില്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. മലയിന്‍കീഴ് സ്വദേശിയായ ഫാദര്‍ ഗോഡ്വിനാണ് അറസ്റ്റിലായത്. സിഎസ്ഐ സഭാംഗമായ ഫാദര്‍ ഗോഡ്വിന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
കൂടാതെ ജൂലൈയില്‍ ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു സീറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസ സഭയിലെ സിസ്റ്റര്‍മാരായ വന്ദന, പ്രീതി എന്നിവരെ അറസ്റ്റ് ചെയ്തത്. അങ്കമാലി, കണ്ണൂര്‍ സ്വദേശിനികളായ ഇവരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പ്രതിഷേധിക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.