ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടത് ഗതാഗത സംവിധാനങ്ങളെ, പ്രത്യേകിച്ച് വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാഴ്ചപരിധി കുറഞ്ഞ സാഹചര്യത്തില്‍ വിമാനങ്ങള്‍ വൈകുന്നതിനോ റദ്ദാക്കുന്നതിനോ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഡല്‍ഹി വിമാനത്താവളത്തിന് പുറമെ ഹിന്‍ഡന്‍ വിമാനത്താവളത്തിലും വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ന് രാവിലെ 10 വരെ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.
അതേസമയം ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളിലും മൂടല്‍മഞ്ഞുള്ള സാഹചര്യത്തില്‍ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വന്നേക്കാമെന്ന് ഇന്‍ഡിഗോയും മുന്നറിയിപ്പ് നല്‍കി. ദൃശ്യപരത കുറയുന്നത് തുടരുകയാണെങ്കില്‍ വിമാനങ്ങളുടെ പുറപ്പെടലിനെയും വരവിനെയും ഇത് ബാധിക്കുമെന്നും എയര്‍ലൈന്‍ മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും യാത്രകള്‍ സുഗമമാക്കുന്നതിനായി ആവശ്യമായ പ്രവര്‍ത്തന മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുകയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.
മൂടല്‍മഞ്ഞ് കാരണം ബുധനാഴ്ച രാവിലെയുള്ള ചില വിമാനങ്ങള്‍ മുന്‍കൂട്ടി റദ്ദാക്കുകയും യാത്രക്കാരെ മുന്‍കൂട്ടി വിവരം അറിയിക്കുകയും ചെയ്തതായി എയര്‍ ഇന്ത്യയും വ്യക്തമാക്കി. കാലതാമസങ്ങള്‍, റദ്ദാക്കലുകള്‍, റൂട്ട് മാറ്റം എന്നിവ ഉണ്ടായാല്‍ യാത്രക്കാരെ സഹായിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.