പുതുവര്‍ഷത്തില്‍ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍ മോഹനചന്ദ്രന്‍ യാത്രയായി

പുതുവര്‍ഷത്തില്‍ നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍ മോഹനചന്ദ്രന്‍ യാത്രയായി

തിരുവനന്തപുരം: പുതുവര്‍ഷ സമ്മാനമായി നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോക്ടര്‍ അശ്വന്‍ മോഹനചന്ദ്രന്‍ വിടവാങ്ങി. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡന്റ് ഡോ. അശ്വന്‍ (32) ആണ് മരണ ശേഷവും സഹ ജീവികളിലൂടെ ജീവിക്കുക. കൊല്ലം ഉമയനല്ലൂര്‍ നടുവിലക്കര സ്വദേശിയാണ്.

അശ്വന്റെ കരള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവ ഉള്‍പ്പടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ രോഗിക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗിക്കും കൈമാറി. അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.

ഡിസംബര്‍ 20ന് കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിനിടെ സ്വിമ്മിങ് പൂളില്‍ കാല്‍തെറ്റി വീണായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അശ്വനെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ഡിസംബര്‍ 27 ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം എന്‍എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 30 ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തന്റെ അവയവങ്ങള്‍ മരണാനന്തരം മറ്റൊരാള്‍ക്ക് പ്രയോജനപ്പെടണമെന്നത് ഡോ. അശ്വന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്. റിട്ടയേര്‍ഡ് അധ്യാപകന്‍ മോഹനചന്ദ്രന്‍ നായരുടെയും റിട്ടയേര്‍ഡ് ബാങ്ക് സെക്രട്ടറി അമ്മിണിയുടെയും മകനാണ് അശ്വന്‍. അരുണിമയാണ് സഹോദരി. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഗ്രീന്‍ കോറിഡോര്‍ ഒരുക്കി ഒരു മണിക്കൂര്‍ കൊണ്ടാണ് അവയവം എത്തിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.