'അന്ത്യ അത്താഴ ചിത്രത്തെ അപമാനിച്ചു'; ക്രൈസ്തവരുടെ പ്രതിഷേധത്തിന് പിന്നാലെ കൊച്ചി ബിനാലെയിലെ ഒരു വേദി അടച്ചു

'അന്ത്യ അത്താഴ ചിത്രത്തെ അപമാനിച്ചു'; ക്രൈസ്തവരുടെ പ്രതിഷേധത്തിന് പിന്നാലെ കൊച്ചി ബിനാലെയിലെ ഒരു വേദി അടച്ചു

കൊച്ചി: യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച ചിത്രത്തിനെതിരെ ക്രൈസ്തവരുടെ പ്രതിഷേധം ശക്തമായതോടെ കൊച്ചി മുസിരിസ് ബിനാലെയുടെ ഒരു വേദി താല്‍കാലികമായി അടച്ചു.

ബിനാലെയുടെ 'ഇടം' എന്ന പേരിലുള്ള പ്രദര്‍ശനത്തിന്റെ ഭാഗമായി മലയാളി ആര്‍ട്ടിസ്റ്റായ ടോം വട്ടക്കുഴി വരച്ച ചിത്രമാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ പരമ്പരാഗത ചിത്രീകരണത്തെ അപമാനിക്കുന്നതുമാണെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു.

ചിത്രം ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രംഗത്തെത്തി. 24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ക്രിസ്തീയ വിശ്വാസത്തെ അപമാനിക്കുന്നതിനായി പൊതു ഫണ്ട് ഉപയോഗിക്കുന്നതിനെ അസോസിയേഷന്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ചോദ്യം ചെയ്തു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് ഇഷ്ടമുള്ളതെന്തും കാണിക്കാമെന്ന് കരുതരുത്. തങ്ങള്‍ നല്‍കുന്ന നികുതി പണം ഉപയോഗിച്ച് തങ്ങളെ തന്നെ അപമാനിക്കുന്നു. ലോകപ്രശസ്ത ചിത്രകാരനായ ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ച വിഖ്യാതമായ ഒരു ചുവര്‍ ചിത്രമാണ് ഈ രീതിയില്‍ വരച്ചതെന്നും അദേഹം കുറ്റപ്പെടുത്തി.

പ്രതിഷേധങ്ങളെ തുടര്‍ന്നാണ് വേദി അടച്ചിട്ടതെന്നും പുതുവത്സരാഘോഷത്തിനിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബിനാലെ സംഘാടകര്‍ അറിയിച്ചു. ജനുവരി രണ്ടിന് വീണ്ടും തുറക്കുമെന്നും സംഘാടകര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.