'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് തെറ്റായി തോന്നുന്നില്ല': മുഖ്യമന്ത്രി

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് തെറ്റായി തോന്നുന്നില്ല': മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കവര്‍ച്ച സംബന്ധിച്ച ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി.

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയ് വിശ്വമല്ല പിണറായി വിജയന്‍. തനിക്ക് തന്റെ നിലപാടാണുള്ളത്. അദേഹത്തെ കാറില്‍ കയറ്റിയത് തെറ്റായി ഇപ്പോഴും തോന്നിയിട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിപിഐ ചതിയന്‍ ചന്തുവാണെന്ന് വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് യോജിപ്പില്ല. സിപിഐ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടക കക്ഷിയാണ്. ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളത്. അവര്‍ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സിപിഎമ്മിനില്ല.

വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നത് താനാണോ എന്നു തീരുമാനിക്കേണ്ടതെന്ന് പാര്‍ട്ടിയാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അതു പിന്നീട് തീരുമാനിക്കും. അതു താനല്ല പറയേണ്ടത്. ഉചിതമായ സമയത്ത് പാര്‍ട്ടി വ്യക്തത വരുത്തും. അതാണ് പൊതുരീതി. സമയമാകുമ്പോള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.

തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി നേടാന്‍ കാരണം യുഡിഎഫ് വോട്ട് കിട്ടിയതു കൊണ്ടാണ്. പല വാര്‍ഡുകളിലും യുഡിഎഫ് വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ട്. എല്‍ഡിഎഫ് ജയിക്കാന്‍ സാധ്യതയുള്ള സ്ഥലത്ത് ഇരുകൂട്ടരും വോട്ട് മാറി ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ കടകംപള്ളിയെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി ക്ഷുഭിതനായി. ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവിച്ചത് താങ്കള്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്തല്ലേ എന്നും അതേക്കുറിച്ച് ദേവസ്വം മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രനോട് ചോദിച്ചിരുന്നോ എന്നുമുള്ള ചോദ്യം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.

സംസാരിക്കുമ്പോള്‍ ഇടയ്ക്കു കയറി സംസാരിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അന്വേഷണം നടക്കുകയാണെന്നും ആരുടെ കാലത്താണ് തട്ടിപ്പു നടന്നതെന്ന് അതു കഴിഞ്ഞു തീരുമാനിക്കാമെന്നും ആരോടും ഒന്നും ചോദിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.