വെള്ളം വിഷമായി: ഇന്‍ഡോറില്‍ മരിച്ചവരില്‍ 10 വര്‍ഷം കാത്തിരുന്ന് കിട്ടിയ അഞ്ചര മാസം പ്രായമുള്ള കുഞ്ഞും

വെള്ളം വിഷമായി: ഇന്‍ഡോറില്‍ മരിച്ചവരില്‍ 10 വര്‍ഷം കാത്തിരുന്ന് കിട്ടിയ അഞ്ചര മാസം പ്രായമുള്ള കുഞ്ഞും

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ ശുചിമുറി മാലിന്യം കലര്‍ന്നുണ്ടായ ദുരന്തത്തില്‍ അഞ്ചര മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ഇന്‍ഡോറിലെ ഭഗീരത്പുരയിലെ സുനില്‍ സാഹു കിഞ്ചല്‍ ദമ്പതികള്‍ക്ക് 10 വര്‍ഷം കാത്തിരുന്നു ലഭിച്ച കുഞ്ഞാണ് നഷ്ടമായത്. അഞ്ചര മാസം പ്രായമുള്ള അവ്യാനാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്.

കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ അമ്മയ്ക്ക് കഴിയാതിരുന്നതോടെയാണ് ഡോക്ടര്‍ കുപ്പിപ്പാല്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇതിനായി കടയില്‍ നിന്നും വാങ്ങിയ പാക്കറ്റ് പാലില്‍ പൈപ്പ് വെള്ളം കലര്‍ത്തി നല്‍കിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത്. ചികിത്സ നല്‍കിയെങ്കിലും തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചത്.

പൈപ്പ് വെള്ളം ഫില്‍റ്റര്‍ ചെയ്തു ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നതെന്ന് കൊറിയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അവ്യാന്റെ പിതാവ് സുനില്‍ സാഹു ഒരു ദേശീയ മാധ്യമത്തിനോടു പറഞ്ഞു. സുനില്‍ സാഹു കിഞ്ചല്‍ ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കഴിഞ്ഞ ജൂലൈ 8ന് അവ്യാന്‍ പിറന്നത്. മാലിന്യം കലര്‍ന്ന കുടിവെള്ളമാണ് തങ്ങളുടെ മകന്റെ ജീവനെടുത്തതെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. വെള്ളം മലിനമായതിനെ കുറിച്ച് തങ്ങള്‍ക്കു മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും സുനില്‍ പറയുന്നു.

അതേസമയം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തില്‍ മലിനജലം കുടിച്ച് അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. മരിച്ചത് 4 പേര്‍ മാത്രമാണെന്നാണ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറയുത്. എന്നാല്‍ 13 പേര്‍ മരിച്ചതായാണ് ഭഗീരഥപുരയിലെ ജനങ്ങള്‍ പറയുന്നത്. ഏഴ് മരണമെന്നാണ് ഇന്‍ഡോര്‍ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവയുടെ വെളിപ്പെടുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.