ആണവ വൈദ്യുതി: റഷ്യന്‍, ഫ്രഞ്ച് കമ്പനികളുമായി സുപ്രധാന കരാര്‍ ഒപ്പിട്ട് എന്‍.ടി.പി.സി

ആണവ വൈദ്യുതി: റഷ്യന്‍, ഫ്രഞ്ച് കമ്പനികളുമായി സുപ്രധാന കരാര്‍ ഒപ്പിട്ട് എന്‍.ടി.പി.സി

മുംബൈ: ആണവ വൈദ്യുതിയുമായി ബന്ധപ്പെട്ട് രണ്ട് വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിട്ട് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പാദകരായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍.ടി.പി.സി). റഷ്യയുടെ റൊസാറ്റം, ഫ്രാന്‍സിന്റെ ഇ.ഡി.എഫ് തുടങ്ങിയ കമ്പനികളുമായാണ് കരാര്‍.

സ്വദേശിവല്‍കരണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതി പൂര്‍ണതോതില്‍ സജ്ജമാക്കിയ ശേഷം എന്‍.ടി.പി.സിക്ക് കൈമാറുകയാണ് കരാറിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് 15 ജിഗാവാട്ട് വൈദ്യുതി എന്ന ലക്ഷ്യത്തോടെ വന്‍കിട പ്രഷറൈസ്ഡ് വാട്ടര്‍ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ എന്‍.ടി.പി.സി ആഗോള ടെന്‍ഡര്‍ വിളിച്ചത്.

ആണവ വൈദ്യുതി ഉല്‍പാദന മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് എന്‍.ടി.പി.സിയുടെ നീക്കം. കരാര്‍ പ്രകാരം പദ്ധതിക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ സവിശേഷതകള്‍ പരിശോധിക്കാനും വേണ്ടെന്ന് വെക്കാനും എന്‍.ടി.പി.സിക്ക് കഴിയും.

സാങ്കേതിക വിദ്യയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നത് ലോകത്തെ എല്ലാ പ്രമുഖ കമ്പനികളെയും ഉള്‍പ്പെടുത്തുന്ന ആഗോള ടെന്‍ഡറില്‍ അന്തിമ തീരുമാനമെടുക്കാന്‍ എന്‍.ടി.പി.സിയെ സഹായിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

അമേരിക്കയുടെ വെസ്റ്റിങ്ഹൗസ്, റഷ്യയുടെ റൊസാറ്റം, ഫ്രാന്‍സിന്റെ ഇ.ഡി.എഫ്, ദക്ഷിണ കൊറിയയുടെ കൊറിയ ഇലക്ട്രിക് പവര്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയുടെ ആണവ വൈദ്യുതി പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പദ്ധതിക്ക് ആവശ്യമായ സാങ്കേതിക വിദ്യയുടെ സാമ്പത്തിക ചെലവ് പരിഗണിച്ചാണ് എന്‍.ടി.പി.സി കരാര്‍ തയാറാക്കിയത്.

നേരത്തെ, പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനുമായി ചേര്‍ന്ന് അശ്വിനി എന്ന വന്‍കിട വൈദ്യുതി ഉല്‍പാദന പ്ലാന്റുകള്‍ സ്ഥാപിച്ച അനുഭവ പരിചയംകൂടി എന്‍.ടി.പി.സിക്കുണ്ട്. പരമാണു ഊര്‍ജ നിഗം എന്ന അനുബന്ധ കമ്പനിയിലൂടെ 2047 ഓടെ 30 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് എന്‍.ടി.പി.സിയുടെ പദ്ധതി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.