തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് സ്വയം ആധാരമെഴുതാനുള്ള സൗകര്യം ഒഴിവാക്കി രജിസ്‌ട്രേഷന്‍ വകുപ്പ്. ആധാരം രജിസ്‌ട്രേഷന് സംസ്ഥാനമൊട്ടാകെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള മാതൃകകള്‍ (ടെംപ്ലേറ്റ്) ഉപയോഗിക്കാനാണ് പുതിയ തീരുമാനം.
ഫോം രൂപത്തിലുള്ള 19 ടെംപ്ലേറ്റ് ഉപയോഗിക്കുന്നതിന് ആധാരമെഴുത്തുകാര്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ നിലവില്‍ അനുമതിയുള്ളൂവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ആധാരങ്ങളുടെ രജിസ്‌ട്രേഷന്‍ ലളിതവും വേഗത്തിലുമാക്കാനാണ് ടെംപ്ലേറ്റ് സംവിധാനം.
ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയ വില്ലേജുകളിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ടെംപ്ലേറ്റ് ഉപയോഗിച്ചുള്ള ആധാരം രജിസ്‌ട്രേഷന്‍ ആദ്യം നടപ്പാക്കുക. അത് വിലയിരുത്തിയ ശേഷം മറ്റ് സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. കാസര്‍കോട് ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസില്‍ ടെംപ്ലേറ്റ് സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായി ആധാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആധാരങ്ങളില്‍ രേഖപ്പെടുത്തേണ്ട വിവരങ്ങളെല്ലാം നിശ്ചിത മാതൃകയിലുള്ള ഫോമില്‍ കൃത്യതയോടെ ചേര്‍ത്ത് നല്‍കുന്നതാണ് ടെംപ്ലേറ്റിന്റെ രീതി. അധിക വിവരങ്ങളുണ്ടെങ്കില്‍ അത് രേഖപ്പെടുത്താന്‍ പ്രത്യേക സ്ഥലവും ഉണ്ടാകും. ഇതെല്ലാം ചേര്‍ത്ത് ഓണ്‍ലൈന്‍ മുഖേന സബ്രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച് ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഒടുക്കിയാല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. ആധാരം എഴുത്തുകാര്‍ മുഖേനയാകും ഇതെല്ലാം നടപ്പാക്കുക.
രജിസ്ട്രാര്‍ ഓഫീസുകളിലെ അഴിമതിയും ആധാരമെഴുത്തിലെ അമിത ഫീസും തടയാനും രജിസ്‌ട്രേഷന്‍ നടപടി സുതാര്യമാക്കാനും 2016 ലാണ് പൊതുജനങ്ങള്‍ക്കും സ്വന്തമായി ആധാരമെഴുതാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ആധാരം സ്വയം തയ്യാറാക്കുന്നതിനുള്ള മാതൃകയും ഉണ്ടായിരുന്നു. എന്നാല്‍ ഒന്‍പത് വര്‍ഷത്തിനിടെ 10000 ല്‍ താഴെ ആളുകള്‍ മാത്രമാണ് ഇത് പ്രയോജനപ്പെടുത്തിയത്. മാത്രമല്ല ആധാരം സ്വയം തയ്യാറാക്കുന്നത് നിര്‍ത്തണമെന്നും ആധാരമെഴുത്തുകാര്‍ നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.