'മേയറാക്കാമെന്ന് പറഞ്ഞതിനാലാണ് മത്സരത്തിനിറങ്ങിയത്; കൗണ്‍സിലറായി തുടരുന്നത് ജയിപ്പിച്ചവരെ ഓര്‍ത്ത്': ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും ശ്രീലേഖ

'മേയറാക്കാമെന്ന് പറഞ്ഞതിനാലാണ് മത്സരത്തിനിറങ്ങിയത്; കൗണ്‍സിലറായി തുടരുന്നത്  ജയിപ്പിച്ചവരെ ഓര്‍ത്ത്': ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ പദവി നല്‍കാത്തതില്‍ ബിജെപി നേതൃത്വത്തിനെതിരെ കൗണ്‍സിലറും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍.ശ്രീലേഖ. മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ മത്സരത്തിനിറക്കിയത്.

തിരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. പോടാ പുല്ലെ എന്ന് പറഞ്ഞ് തീരുമാനത്തെ എതിര്‍ക്കാത്തത് ജയിപ്പിച്ച വോട്ടര്‍മാരെ ഓര്‍ത്താണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ശ്രീലേഖ പറഞ്ഞു.

അവസാന നിമിഷം മേയര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി.വി രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാ നാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുന്‍പ് ശ്രീലേഖ വേദി വിട്ട് പോയത് ചര്‍ച്ചയായിരുന്നു.

'എന്നെ ഈ തിരഞ്ഞെടുപ്പിന് നിര്‍ത്തിയത് തന്നെ കൗണ്‍ലിറായി നില്‍ക്കാനല്ല. പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ മേയറാക്കാം എന്ന വാഗ്ദാനത്തിന്റെ പുറത്താണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിച്ചത്. ഞാനായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ മുഖം എന്ന് പറയുന്നത് കേട്ടപ്പോഴാണ് സമ്മതിച്ചത്.

സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞു. ഞാന്‍ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. പാര്‍ട്ടി അങ്ങനെ പറഞ്ഞാണ് പ്രചാരണം നടത്തിയത്. മാധ്യമങ്ങളിലും ചര്‍ച്ചകള്‍ക്ക് വിട്ടത് എന്നെയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണത്താല്‍ സാഹചര്യം മാറി.

രാജേഷിന് മേയാറായിട്ടും ആശാ നാഥിന് ഡെപ്യൂട്ടി മേയാറായും കുറച്ച് കൂടി നന്നായി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയെന്നാണ് എന്റെ കണക്ക് കൂട്ടല്‍. രാഷ്ട്രീയമാകുമ്പോള്‍ ഓരോരുത്തരുടേയും താത്പര്യമനുസരിച്ച് മാറാം.

കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഇങ്ങനെ പറഞ്ഞുവെന്ന് പറയുമ്പോള്‍ പോടാ പുല്ലേ എന്ന് പറഞ്ഞ് എതിര്‍ത്ത് ഓടാന്‍ എനിക്ക് പറ്റില്ല. കാരണം എന്നെ ജയിപ്പിച്ച കുറേ ആള്‍ക്കാര്‍ ഇവിടെയുണ്ട്. അവരോടുള്ള ആത്മാര്‍ത്ഥതയും കൂറും ഉള്ളതുകൊണ്ട് അഞ്ച് വര്‍ഷത്തേക്ക് തുടരാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. ചിലപ്പോള്‍ അത് നല്ലതിനായിരിക്കും'- ശ്രീലേഖ അഭിമുഖത്തില്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ശ്രീലേഖയുടെ പ്രതികരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.