ഫിനിഷിംഗ് മറന്ന് ചെന്നൈ; തൊട്ടതെല്ലാം പൊന്നാക്കി കൊല്‍ക്കത്ത

ഫിനിഷിംഗ് മറന്ന് ചെന്നൈ; തൊട്ടതെല്ലാം പൊന്നാക്കി കൊല്‍ക്കത്ത

കഴിഞ്ഞ മത്സരം ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗിനിറങ്ങിയത്. ആ ആത്മവിശ്വാസം അവരുടെ ബാറ്റിംഗിലും ഒരു സമയത്ത് ബൗളിംഗിലും പ്രകടമായിരുന്നു. ഒരു വേള 200 ന് മുകളിലേക്ക് എത്തുമെന്ന് തോന്നിച്ച കൊല്‍ക്കത്തയുടെ ടോട്ടല്‍ സ്കോറിനെ പിടിച്ച് നിർത്താന്‍ ചെന്നൈ ബൗളേഴ്സിനായി. നല്ല ബൗളിംഗും കൃത്യമായ ഫീല്‍ഡിംഗും. ഒരു ഓവർ പോലും രവീന്ദ്രജഡേജയ്ക്ക് കൊടുക്കാതെ ടോട്ടല്‍ ഇത്ര റണ്‍സില്‍ പിടിച്ചു നിർത്താന്‍ കഴിഞ്ഞത് ചെന്നൈയുടെ നേട്ടമായി കാണാം. അതിനുശേഷം ബാറ്റിംഗില്‍ ഡു പ്ലെസിയും ഷെയ്ന്‍ വാട്സണും ആദ്യ പത്ത് ഓവറില്‍ നല്ല തുടക്കം നല്കിയ ശേഷം അംബാട്ടി റായിഡുവും നല്ല ഫോമില്‍ കളിച്ചുവരുന്ന സമയത്താണ് വിക്കറ്റ് നഷ്ടപ്പെട്ടത്. ബാറ്റിംഗ് ഓർഡറില്‍ മാറ്റം വരുത്തി ധോനി വരുന്നു.ആ ഓവറുകളില്‍ റണ്‍സ് ഒന്നും വന്നില്ലെന്ന് മാത്രമല്ല, വാട്സണ്‍റെ സാന്നിദ്ധ്യം അവിടെ വേണമെന്നുളള സമ്മർദ്ദം അദ്ദേഹത്തിനുണ്ടാവുകയും ചെയ്തു. അതേ സമയത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സുനില്‍ നരെയ്നെ പന്തേല്‍പിക്കുന്നത്. ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ നി‍ർദ്ദേശപ്രകാരമായിരുന്നോ അത്തരമൊരു നീക്കമെന്നുപോലും സംശയിക്കാം. എന്തായാലും അതൊരു നല്ല നീക്കമായി. എല്ലാം കൊല്‍ക്കത്തയ്ക്ക് അനുകൂലമായി വന്നു. മത്സരം ചെന്നൈ തോല്‍ക്കുന്ന രീതിയിലേക്ക് ആ സമയത്തും എത്തിയിരുന്നില്ല.എന്നാല്‍ പിന്നീട് ആവശ്യമായ റണ്‍റേറ്റ് 11 ലേക്ക് പോകുന്നത് വലിയ സമ്മർദ്ദം ചെന്നൈയ്ക്ക് നല്കി.

ദിനേശ് കാർത്തിക് തൊടുന്നതെല്ലാം പൊന്നാകുന്ന തീരുമാനത്തിലേക്ക് എത്തിയെന്നുളളതാണ് ചുരുക്കം. ചെന്നൈയുടെ മധ്യനിരയുടെ പരാജയമായി കൂടി ഈ പരാജയത്തെ വിലയിരുത്താം. കേദാർ ജാദവിനെ കളിപ്പിക്കണമെന്ന തീരുമാനം ചെന്നൈയുടെ മധ്യനിരയിലെ ബാറ്റ്സ്മാന്‍മാരുടെ ദാരിദ്ര്യത്തെയാണ് കാണിക്കുന്നത്. ക്യാപ്റ്റനെന്നുളള രീതിയില്‍ തനിക്ക് വിശ്വാസമുളള ആളുകളെ തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ, ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരു പ്രത്യേക റോളുപോലും കൈകാര്യം ചെയ്യാന്‍ കഴിയാത്ത കേദാർ ജാദവിന് പകരം മറ്റൊരാളെ പരീക്ഷിക്കാവുന്നതാണ്. തമിഴ്നാട് വിക്കറ്റ് കീപ്പർ എന്‍ ജഗദീഷാണ് മറ്റൊരു ഓപ്ഷന്‍. റുത് രാജ് ഗെയ്ക്ക് വാദിനെ ടോപ് ഓർഡറില്‍ ഉപയോഗിക്കാവുന്നതാണ്. ഡുപ്ലെസിയെ താഴേക്ക് കൊണ്ടുവന്നാല്‍ ഒരു പക്ഷെ ടീമിന് ഗുണമായേക്കും. സുനില്‍ നരെയ്ന്‍റേയും വരുണ്‍ ചക്രവർത്തിയുടെയും ബൗളിംഗ് ഓവറുകളെ നന്നായി ഉപയോഗിച്ച ദിനേശ് കാർത്തികിന്‍റെ നല്ല ക്യാപ്റ്റന്‍സിയാണ്, ചെന്നൈയ്ക്ക്തിരെ കൊല്‍ക്കത്തയ്ക്ക് വിജയവഴിയൊരുക്കിയത്.

സ്കോർ KKR 167 (20)CSK 157/5 (20)

സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.