ന്യൂയോര്‍ക്ക്: ക്രൂ 11 ദൗത്യ സംഘത്തിന്റെ മടക്ക യാത്രയ്ക്കുള്ള സമയം നിശ്ചയിച്ച് നാസ. ജനുവരി 14 ന് അമേരിക്കന്‍ സമയം വൈകുന്നേരം അഞ്ചിന് സ്‌പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നാലംഗ സംഘവുമായി ഭൂമി ലക്ഷ്യമാക്കി പുറപ്പെടുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരിയുടെ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് തിരക്കിട്ട നീക്കം.
ഇന്ത്യന്‍ സമയം ജനുവരി 15 ന് പുലര്‍ച്ചെ 3:30 ന് ഡ്രാഗണ്‍ പേടകം ഭൂമിയില്‍ ഇറങ്ങും. ചരിത്രത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇങ്ങനെയൊരു അടിയന്തര തിരിച്ച് വരവ് വേണ്ടി വരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഒരു സഞ്ചാരിക്ക് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്ന് നാസ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അതേസമയം ഏത് സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളതെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല.
മിഷന്‍ കമാന്‍ഡര്‍ നാസയുടെ സെന കാര്‍ഡ്മാന്‍, മിഷന്‍ പൈലറ്റ് നാസയുടെ മൈക്ക് ഫിങ്കെ, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ജാപ്പനീസ് ബഹിരാകാശ ഏജന്‍സി ജാക്സയുടെ കിമിയ യുവി, റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസിന്റെ ഒലെഗ് പ്ലാറ്റോണോവ് എന്നിവരടങ്ങുന്നതാണ് ക്രൂ 11 സംഘം.
ജനുവരി എട്ടിന് സെന കാര്‍ഡ്മാനും മൈക്ക് ഫിങ്കെയും ചേര്‍ന്ന് ഒരു ബഹിരാകാശ നടത്തം പദ്ധതിയിട്ടിരുന്നു. നിലയത്തിന്റെ പവര്‍ സിസ്റ്റത്തിലെ അറ്റകുറ്റപ്പണിയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇവരിലൊരു സഞ്ചാരിയുടെ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് അവസാന നിമിഷം അത് മാറ്റിവയ്ക്കുകയായിരുന്നു. സെനയ്ക്കാണോ മൈക്കിനാണോ ആരോഗ്യ പ്രശ്‌നമെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല.
സാധാരണ ഗതിയില്‍ ആറ് മാസത്തിലധികം നീളുന്നതാണ് നാസയുടെ ക്രൂ ദൗത്യങ്ങള്‍. അടുത്ത സംഘമെത്തി ചുമതലയേറ്റെടുത്ത ശേഷമേ മുന്‍ഗാമികള്‍ മടങ്ങാറുള്ളൂ. ക്രൂ 12 ദൗത്യത്തിന്റെ വിക്ഷേപണം നിലവില്‍ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്. അവരെത്തും മുമ്പേ ക്രൂ 11 മടങ്ങുമ്പോള്‍ റഷ്യയുടെ സൊയൂസ് എംഎസ് 28 ദൗത്യത്തിലൂടെ നവംബറില്‍ നിലയത്തിലെത്തിയ മൂന്നംഗ സംഘത്തിനാകും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം. രണ്ട് റഷ്യന്‍ ബഹിരാകാശ സഞ്ചാരികളും ഒരു നാസ പ്രതിനിധിയുമാണ് ഈ സംഘത്തിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.