ഇറാനുമായി ഇന്ത്യയ്ക്കും വാണിജ്യ ബന്ധം; ട്രംപിന്റെ പ്രഹരം ഇന്ത്യയ്ക്ക് കൊള്ളും, തീരുവ 75 ശതമാനമാകാന്‍ സാധ്യത

ഇറാനുമായി ഇന്ത്യയ്ക്കും വാണിജ്യ ബന്ധം; ട്രംപിന്റെ പ്രഹരം ഇന്ത്യയ്ക്ക് കൊള്ളും, തീരുവ 75 ശതമാനമാകാന്‍ സാധ്യത

ന്യൂഡല്‍ഹി: ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം തീരുവ പ്രഖ്യാപിച്ച അമേരിക്കന്‍ നയം ഇന്ത്യയ്ക്കും പ്രഹരമാകും. നിലവില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാല്‍ 50 ശതമാനം തീരുവയാണ് യു.എസ് ഇന്ത്യക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അതിന് പുറമെയാണ് പുതിയ തീരുവ ഭീഷണി.

റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം ഉയര്‍ന്ന താരീഫിന് പുറമെ ഇറാന്‍ താരിഫ് കൂടി നടപ്പാക്കിയാല്‍ ഇന്ത്യക്ക് മേല്‍ 75 ശതമാനം തീരുവയാകും. ഇത് ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.

ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈന ആണെങ്കിലും ഇന്ത്യയും ഇറാനുമായി വാണിജ്യ ബന്ധം പുലര്‍ത്തുന്നുണ്ട്. ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുടെ കണക്ക് അനുസരിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഇറാനിലേക്ക് 1.24 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. 0.44 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതിയും ചെയ്തു. മൊത്തം വ്യാപാരം 1.68 ബില്യണ്‍ ഡോളറാണ് (ഏകദേശം 14000-15000 കോടി രൂപ) ഇറാനുമായുള്ള വാണിജ്യ ബന്ധം.

ട്രേഡിങ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവയില്‍ ഏറ്റവും വലിയ പങ്ക് 512.92 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ജൈവ രാസവസ്തുക്കളുടെ വ്യാപാരമാണ്. പഴങ്ങള്‍, പരിപ്പ്, സിട്രസ് പഴങ്ങളുടെ തൊലികള്‍, തണ്ണിമത്തന്‍ എന്നിവയാണ് മറ്റ് ഉല്‍പന്നങ്ങള്‍. ധാതു ഇന്ധനങ്ങള്‍, എണ്ണകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു.
അതേസമയം ഇരു രാജ്യങ്ങളും താരിഫ് ഇളവ് നല്‍കുന്ന ഒരു കരാറിന് അന്തിമ രൂപം നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.