ഇറാനില്‍ 2000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സമരം തുടരുക, സഹായം ഉടനെത്തുമെന്ന് പ്രതിഷേധക്കാര്‍ക്ക് ട്രംപിന്റെ സന്ദേശം

ഇറാനില്‍ 2000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സമരം തുടരുക, സഹായം ഉടനെത്തുമെന്ന് പ്രതിഷേധക്കാര്‍ക്ക് ട്രംപിന്റെ സന്ദേശം

ഏകദേശം 2,000 പേര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മരണ സംഖ്യ 12,000 കടന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന വെബ്സൈറ്റ് പുറത്തു വിട്ടിട്ടുള്ളത്.

വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പ്രോത്സാഹനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഹായം ഉടനെത്തുമെന്നും പ്രതിഷേധ സമരം തുടരാനും ട്രംപ് ആഹ്വാനം ചെയ്തു.

ഇറാന്‍ ഭരണകൂടത്തിനെതിരെ രണ്ടാഴ്ചയായി നടക്കുന്ന പൊതുജന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയുണ്ടായ അടിച്ചമര്‍ത്തലില്‍ ഏകദേശം 2000 പേര്‍ കൊല്ലപ്പെട്ടതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നതിനിടിയിലാണ് ട്രംപിന്റെ ആഹ്വാനം.

ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഉയര്‍ന്ന മരണസംഖ്യ സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിവിധ മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും ഇതുവരെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളെക്കാള്‍ വളരെ കൂടുതലാണ് ഇത്.

'ഇറാനിയന്‍ രാജ്യ സ്നേഹികളേ, പ്രതിഷേധം തുടരുക. നിങ്ങളുടെ സ്ഥാപനങ്ങള്‍ ഏറ്റെടുക്കൂ! കൊലപാതകികളുടെയും അതിക്രമം ചെയ്യുന്നവരുടെയും പേരുകള്‍ ഓര്‍ത്തു വെക്കുക. അവര്‍ വലിയ വില നല്‍കേണ്ടി വരും.

പ്രതിഷേധക്കാരെ അര്‍ത്ഥശൂന്യമായി കൊലപ്പെടുത്തുന്നത് നിര്‍ത്തുന്നതു വരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാന്‍ റദ്ദാക്കിയിട്ടുണ്ട്. സഹായം ഉടന്‍ എത്തും. MIGA! പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ്'- പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

'സഹായം ഉടന്‍ എത്തും' എന്നതുകൊണ്ട് എന്താണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ഇത് ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കും. ഇറാനെ സംബന്ധിച്ച് യു.എസ് സൈന്യം 'വളരെ ശക്തമായ ഒപ്ഷനുകള്‍' പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു.

അമേരിക്കയുടെ പല, പല ഒപ്ഷനുകളില്‍ ഉള്‍പ്പെട്ട ഒന്നാണ് വ്യോമാക്രമണം. എങ്കിലും നയതന്ത്രമാണ് ഭരണകൂടത്തിന്റെ ആദ്യത്തെ ഒപ്ഷനെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ട്രംപിന്റെ പുതിയ സന്ദേശമെന്നാണ് നിഗമനം. ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന ഏത് രാജ്യത്തിനും അമേരിക്കയുമായുള്ള എല്ലാ വ്യാപാരത്തിനും 25 ശതമാനം താരിഫ് നേരിടേണ്ടി വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം റോയിട്ടേഴ്‌സ് പുറത്തു വിട്ട കണക്കുകളിലെ മരണ സംഖ്യ 2000 ആണെങ്കില്‍, ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളില്‍ ഇറാനിയന്‍ സുരക്ഷാ സേന ഏകദേശം 12,000 പേരെ കൊലപ്പെടുത്തിയെന്നും ഇത് ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഔദ്യോഗികമായി സ്ഥിരീകരിച്ച മരണ സംഖ്യ വളരെ കുറവാണെന്നും ഇറാനിലെ കടുത്ത വിവര നിയന്ത്രണങ്ങള്‍ കാരണം സ്വതന്ത്രമായി ഈ കണക്കുകള്‍ സ്ഥിരീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ജനുവരി എട്ട്, ഒമ്പത് തിയതികളിലാണ് കൂട്ടക്കൊലകള്‍ പ്രധാനമായും നടന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്, ബസിജ് സേന എന്നിവരായിരുന്നു ഈ ക്രൂരകൃത്യത്തിന് പിന്നില്‍. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള അപ്രതീക്ഷിത ഏറ്റുമുട്ടലുകള്‍ ആയിരുന്നില്ല ഇവയെന്നും മറിച്ച് സംഘടിതവും ചിട്ടയോടെയുമുള്ള കൂട്ടക്കൊലയാണ് നടന്നതെന്നും അവര്‍ ആരോപിക്കുന്നു.

ഈ ഓപ്പറേഷന്റെ പിന്നില്‍ ഇറാന്റെ പരമോന്നത് നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ നേരിട്ടുള്ള ഉത്തരവുണ്ടെന്നും ഇറാനിയന്‍ രാഷ്ട്രീയ സംവിധാനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയും അംഗീകാരത്തോടെയുമാണ് ഇത് നടന്നതെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അനുമതി നല്‍കിയെന്നും തങ്ങള്‍ പുറത്തുവിട്ട 12,000 എന്ന മരണ സംഖ്യ ഇറാന്റെ സ്വന്തം സുരക്ഷാ സ്ഥാപനങ്ങളുടെ ആഭ്യന്തര കണക്കുകളുമായി അടുത്തു നില്‍ക്കുന്നതാണെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ അറിയിച്ചു.

സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, പ്രസിഡന്റിന്റെ ഓഫീസ്, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്, ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ജീവനക്കാര്‍, നേരിട്ട് കണ്ട സാക്ഷികള്‍ എന്നിവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിവിധ ഉറവിടങ്ങളില്‍ നിന്ന് ക്രോസ് ചെക്ക് ചെയ്താണ് ഈ കണക്ക് തയ്യാറാക്കിയതെന്നും ഈ ഡാറ്റ കര്‍ശനമായ പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ ഘട്ടങ്ങളിലൂടെ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷമാണ് പ്രസിദ്ധീകരിച്ചതെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ അധികൃതര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.