കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായുള്ള ഭവന പദ്ധതിക്കായി കോണ്‍ഗ്രസ് ഭൂമി വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ 3.24 ഏക്കര്‍ സ്ഥലമാണ് വാങ്ങിയത്. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
1100 സ്‌ക്വയര്‍ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോണ്‍ഗ്രസ് നല്‍കുക എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. വൈകാതെ രണ്ട് ഇടങ്ങളില്‍ കൂടി ഭൂമി വാങ്ങും. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് 100 വീടുകള്‍ നിര്‍മിക്കാനാണ് ഉദേശിക്കുന്നത്.
കോണ്‍ഗ്രസ് 100 വീടുകള്‍ നിര്‍മിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസ് 30 വീടുകളെന്നും. എന്നാല്‍ ലക്ഷ്യമിട്ട തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് 1.05 കോടി രൂപ കോണ്‍ഗ്രസിന് കൈമാറിയിരുന്നു. ഈ തുക കൂടി ഉപയോഗിച്ച് ആകെ 100 വീടുകള്‍ നിര്‍മിക്കും.
പഞ്ചായത്തില്‍ നിന്ന് അനുമതി കിട്ടുന്നതോടെ തറക്കലിടല്‍ ഉള്‍പ്പടെയുള്ളവ നടത്തി പണി ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക് പറഞ്ഞു. നിയമപരമായി ഭൂമി കിട്ടാനുള്ള കാലതാമസമാണ് ഭവന നിര്‍മാണം വൈകാന്‍ ഇടയാക്കിയത്. തോട്ടഭൂമിയില്‍ വീട് വെക്കാനുള്ള ആനുകൂല്യം രാഷ്ട്രീയ പാര്‍ട്ടികളുടെ ഭവന പദ്ധതികള്‍ക്ക് നല്‍കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.