വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: ഇന്ത്യയെ 'ഹൈ റിസ്‌ക്' വിഭാഗത്തിലേക്ക് തരംതാഴ്ത്തി ഓസ്‌ട്രേലിയ; വിദ്യാര്‍ഥി വിസകളില്‍ ഇനി കര്‍ശന പരിശോധന

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: ഇന്ത്യയെ 'ഹൈ റിസ്‌ക്' വിഭാഗത്തിലേക്ക് തരംതാഴ്ത്തി ഓസ്‌ട്രേലിയ;  വിദ്യാര്‍ഥി വിസകളില്‍ ഇനി കര്‍ശന പരിശോധന

മെല്‍ബണ്‍: വിദ്യാര്‍ഥി വിസയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഉയര്‍ന്ന അപകട സാധ്യതയുള്ള (ഹൈ റിസ്‌ക്) വിഭാഗത്തിലേക്ക് മാറ്റി ഓസ്‌ട്രേലിയ. അസസ്‌മെന്റ് ലെവല്‍ മൂന്നിലേക്കാണ് ഇന്ത്യയെ മാറ്റിയത്.

ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസയ്ക്ക് കൂടുതല്‍ ഡോക്യുമെന്റുകളുടെ ആവശ്യകതകളും അപേക്ഷകളില്‍ കര്‍ശനമായ പരിശോധനയും നടത്തും. ഓസ്‌ട്രേലിയയിലെ ആകെ 6.5 ലക്ഷം വിദേശ വിദ്യാര്‍ഥി എന്റോള്‍മെന്റുകളില്‍ 1.4 ലക്ഷവും ഇന്ത്യയില്‍ നിന്നാണ്.

വിദ്യാര്‍ഥികള്‍ ഇനി സാമ്പത്തിക സ്ഥിതി, ഇംഗ്ലീഷ് പ്രാവീണ്യം, വിസ ലഭിക്കുന്നതിനുള്ള യഥാര്‍ത്ഥ ഉദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിപുലമായ തെളിവുകള്‍ നല്‍കേണ്ടതുണ്ട് എന്നാണ് അറിയുന്നത്.

ഉയര്‍ന്ന റിസ്‌ക് ലെവലുകള്‍ക്ക് കൂടുതല്‍ രേഖകള്‍ ആവശ്യമാണെന്ന് ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അബുല്‍ റിസ്വി പറഞ്ഞു. ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും വിസ അനുവദിക്കുക.

2026 ജനുവരി എട്ട് മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഓസ്ട്രേലിയയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടുന്ന യഥാര്‍ത്ഥ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നും സൗകര്യമൊരുക്കുമൊന്നും ഓസ്‌ട്രേലിയ അറിയിച്ചു. ഇന്ത്യയെ കൂടാതെ, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവയുള്‍പ്പെടെ നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും അസെസ്‌മെന്റ് ലെവല്‍ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. പാകിസ്ഥാന്‍ നേരത്തെ ഈ പട്ടികയിലാണ്.

അമേരിക്ക, യു.കെ, കാനഡ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച രാജ്യം ഇപ്പോഴും ഓസ്‌ട്രേലിയയയാണെന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ജൂലിയന്‍ ഹില്‍ പറഞ്ഞു. ഇന്ത്യയില്‍ അടുത്തിടെ നടന്ന വന്‍ വ്യാജ ബിരുദ വിവാദമാണ് കാറ്റഗറി മാറ്റാന്‍ കാരണമെന്നും അദേഹം പറഞ്ഞു.

അന്താരാഷ്ട്ര സര്‍വകലാശാലകളിലേക്ക് പത്ത് ലക്ഷത്തിലധികം വ്യക്തികളുടെ വ്യാജ രേഖകള്‍ വിതരണം ചെയ്ത വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെ കേരള പൊലീസ് കണ്ടെത്തിയിരുന്നു. 22 സര്‍വകലാശാലകളില്‍ നിന്ന് ഒരു ലക്ഷം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

തട്ടിപ്പിനെതിരെ നടപടിയെടുക്കുന്നതില്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ആരോപണവുമായി ഓസ്ട്രേലിയന്‍ സെനറ്റര്‍ മാല്‍ക്കം റോബര്‍ട്ട്‌സ് രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയയില്‍ 23,000 വിദേശ വിദ്യാര്‍ഥികളെ വ്യാജ ബിരുദങ്ങളുമായി കണ്ടെത്തിയെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.