നാറ്റോ മാതൃകയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക സഖ്യത്തിന് ശ്രമം; സൗദി-പാക്-തുര്‍ക്കി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട്

നാറ്റോ മാതൃകയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക സഖ്യത്തിന് ശ്രമം; സൗദി-പാക്-തുര്‍ക്കി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ബ്ലൂം ബെര്‍ഗ്  റിപ്പോര്‍ട്ട്

ഉടമ്പടി പ്രകാരം സൗദി സാമ്പത്തിക സഹായവും പാകിസ്ഥാന്‍ ആണവ പ്രതിരോധവും തുര്‍ക്കി സൈനിക സാങ്കേതിക വിദ്യയും നല്‍കും.

ന്യൂയോര്‍ക്ക്: ഇസ്ലാമിക രാജ്യങ്ങളുടെ സൈനിക സഖ്യ രൂപീകരണത്തിനായി സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നതായി ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോ മാതൃകയിലുള്ള സഖ്യ രൂപീകരണമാണ് ലക്ഷ്യം.

നിലവിലുളള സൗദി അറേബ്യ-പാകിസ്ഥാന്‍ സുരക്ഷാ സഖ്യത്തിന്റെ ഭാഗമാകാന്‍ തുര്‍ക്കി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ദ്ദിഷ്ട ഉടമ്പടി പ്രകാരം നാറ്റോയുടെ ആര്‍ട്ടിക്കിള്‍ അഞ്ചിന് സമാനമായി, ഒരു അംഗ രാജ്യത്തിനെതിരെയുള്ള ഏതെങ്കിലും ആക്രമണം എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കും.

സൗദിയും പാകിസ്ഥാനും തമ്മില്‍ ആദ്യം ഒപ്പുവച്ച കരാര്‍ ഇപ്പോള്‍ തുര്‍ക്കിയെ ഉള്‍പ്പെടുത്തി കാര്യമായി പരിഗണിക്കുന്നു. സൗദി അറേബ്യ സാമ്പത്തിക പിന്തുണയും പാകിസ്ഥാന്‍ ആണവ പ്രതിരോധവും തുര്‍ക്കി മിസൈല്‍ അടക്കമുള്ള സൈനിക സഹായവും സംഭാവന ചെയ്യും. കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങളെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ചര്‍ച്ചകളും ആരംഭിച്ചു.

ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവയിലുടനീളം സൗദി അറേബ്യയുടെയും പാകിസ്ഥാന്റെയും തന്ത്രപരമായ താല്‍പര്യങ്ങളുമായി തുര്‍ക്കിയുടെ താല്‍പര്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിപുലീകരിച്ച സഖ്യം നിര്‍ണായക ചുവടുവയ്പ്പാണെന്ന് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മൂന്ന് രാജ്യങ്ങളും ഇതിനകം തന്നെ കൂടുതല്‍ അടുത്ത ഏകോപനം ആരംഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം അങ്കാറയില്‍ അവരുടെ ആദ്യത്തെ നാവിക യോഗം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിലെ ദീര്‍ഘകാല അംഗമാണ് തുര്‍ക്കി.

സൗദി അറേബ്യയും തുര്‍ക്കിയും ഷിയാ ഭൂരിപക്ഷ ഇറാനെക്കുറിച്ച് ആശങ്കകള്‍ പങ്കിടുകയും സൈനിക നടപടിയെ പിന്തുണക്കുകയും ചെയ്യുന്നു. സുന്നി നേതൃത്വത്തിലുള്ള സിറിയയെ പിന്തുണയ്ക്കുന്നതിലും പാലസ്തീന്‍ രാഷ്ട്രത്തിനായി വാദിക്കുന്നതിലും ഇരു രാജ്യങ്ങളും യോജിപ്പിലാണ്.

അതിനിടെ പാകിസ്ഥാനുമായുള്ള തുര്‍ക്കിയുടെ പ്രതിരോധ ബന്ധവും ശക്തിപ്പെട്ടു വരികയാണ്. പാകിസ്ഥാന്‍ നാവിക സേനയ്ക്കായി തുര്‍ക്കി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്നുണ്ട്. കൂടാതെ പാകിസ്ഥാന്റെ ഡസന്‍ കണക്കിന് എഫ് 16 യുദ്ധ വിമാനങ്ങള്‍ തുര്‍ക്കി നവീകരിക്കുകയും ചെയ്തു.

സൗദിയുമായി പാകിസ്ഥാന്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ പങ്കിടുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് ഈ ത്രികക്ഷി പ്രതിരോധ ചര്‍ച്ചകള്‍ എന്നത് ശ്രദ്ധേയം. ഓപ്പറേഷന്‍ സിന്ദൂറില്‍ തുര്‍ക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ പുതിയ നീക്കങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.