ജറുസലേം: ജറുസലേമിലെ സെന്റ് മാർക്സ് സുറിയാനി ഓർത്തഡോക്സ് ദയറയിലെ (ആശ്രമം) ചരിത്രപ്രസിദ്ധമായ അൾത്താര (മദ്ബഹ) 350 വർഷങ്ങൾക്ക് ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വിശ്വാസികൾക്കായി തുറന്നുകൊടുത്തു. മെക്സിക്കോയിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ രണ്ട് വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ ജനുവരി 11 നാണ് ഇതിന്റെ കൂദാശ കർമ്മം നടന്നത്.
സ്വർണ്ണത്തകിടുകളിൽ തീർത്ത കൊത്തുപണികളും ബറോക്ക് ശൈലിയിലുള്ള അലങ്കാരങ്ങളും കാലപ്പഴക്കം കൊണ്ട് മാഞ്ഞുപോയിരുന്നു. ഇവയെല്ലാം തനിമ ചോരാതെ വീണ്ടെടുത്തിട്ടുണ്ട്. യേശു ക്രിസ്തുവിന്റെ അന്ത്യത്താഴം നടന്ന മാളികമുറി സ്ഥിതി ചെയ്യുന്നത് ഈ ദയറയിലാണെന്നാണ് സുറിയാനി ഓർത്തഡോക്സ് വിശ്വാസം. പെന്തക്കോസ്ത് അനുഭവവും ശിഷ്യന്മാരുടെ കാൽ കഴുകിയതും ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് എട്ട് മാസത്തോളം പണി നിർത്തിവെക്കേണ്ടി വന്നെങ്കിലും അഞ്ച് പേരടങ്ങുന്ന സംഘം ദൗത്യം വിജയകരമായി പൂർത്തിയാക്കി. അൾത്താരയ്ക്ക് ഏകദേശം 400 വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഇതിനു മുൻപ് 1733 ലാണ് ഇവിടെ ഔദ്യോഗികമായി മിനുക്കുപണികൾ നടന്നത്.
സുവിശേഷകനായ ലൂക്കോസ് വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ അത്ഭുത ചിത്രവും സംഘം കേടുപാടുകൾ തീർത്തു. മെക്സിക്കോയിൽ നിന്നുള്ള കാർലോസ് ലോസോയ എന്ന വിദഗ്ധനാണ് ചിത്രത്തിന്റെ തനിമ വീണ്ടെടുത്തത്. ഏകദേശം ആറ് ലക്ഷം ഡോളർ (അഞ്ച് കോടിയിലധികം രൂപ) ചെലവ് വരുന്ന ഈ പദ്ധതി മരിയ വിഷൻ ചാനൽ സൗജന്യമായാണ് നിർവഹിച്ചു നൽകിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.