വ്യോമപാത അടച്ച് ഇറാന്‍: എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍

വ്യോമപാത അടച്ച് ഇറാന്‍: എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍

ടെഹ്‌റാന്‍: അമേരിക്കയുടെ ആക്രമണ ഭീഷണിക്കിടെ വ്യോമപാത ഭാഗികമായി അടച്ച് ഇറാന്‍. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇറാന്‍ അറിയിച്ചു. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ തങ്ങളുടെ വ്യോമ മേഖലയില്‍ പ്രവേശിപ്പിക്കൂ എന്നാണ് ഇറാന്റെ നിലപാട്.

അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ബദല്‍ റൂട്ടുകളിലൂടെയാണ് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ അടക്കമുള്ള വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ക്കായി വിമാന കമ്പനികള്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രാ സമയം സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പാക്കണമെന്നും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബദല്‍ റൂട്ടിലൂടെ സഞ്ചരിക്കുന്നതിനാല്‍ കാലതാമസത്തിന് കാരണമായേക്കാം. റൂട്ട് മാറ്റാന്‍ കഴിയാത്ത വിമാനങ്ങള്‍ റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാര്‍ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ അപ്രതീക്ഷിത തടസംമൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഇന്‍ഡിഗോയും സമാന അറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുഎസ് ആക്രമിച്ചാല്‍ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ ഖത്തറിലെ അല്‍ ഉദൈദ് താവളത്തില്‍ നിന്ന് ചില ഉദ്യോഗസ്ഥരോട് ബുധനാഴ്ച വൈകുന്നേരത്തോടെ ഒഴിഞ്ഞുപോരാന്‍ അമേരിക്കന്‍ സൈന്യം നിര്‍ദേശിച്ചു. ഇറാന്‍-അമേരിക്ക സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് നീക്കമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇറാനില്‍ പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്ന നടപടി തുടര്‍ന്നാല്‍ സൈനികമായി ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ മണ്ണില്‍ അമേരിക്കന്‍ ആക്രമണം ഉണ്ടായാല്‍ ഇസ്രയേല്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, തുര്‍ക്കി എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഇറാനും ഭീഷണി മുഴക്കുകയായിരുന്നു.

കഴിഞ്ഞ ജൂണില്‍ ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ അല്‍ ഉദൈദ് താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.