ദൈവ വചനത്തോടുള്ള പ്രാർത്ഥന ജീവിതത്തിന് ആശ്വാസമാകട്ടെ; ജനുവരിയിലെ പ്രാർത്ഥനാ നിയോഗം പങ്കിട്ട് മാർപാപ്പ

ദൈവ വചനത്തോടുള്ള പ്രാർത്ഥന ജീവിതത്തിന് ആശ്വാസമാകട്ടെ; ജനുവരിയിലെ പ്രാർത്ഥനാ നിയോഗം പങ്കിട്ട് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ തുടക്കമിട്ട ദി പോപ്പ് വീഡിയോ എന്ന ആശയത്തിന് പുതിയ രൂപവും ഭാവവും നൽകി ലിയോ പതിനാലാമൻ മാർപാപ്പ. പ്രേ വിത്ത് ദി പോപ്പ് എന്ന് പുനർനാമകരണം ചെയ്ത പുതിയ ഡിജിറ്റൽ സംരംഭത്തിലൂടെ ഈ വർഷത്തെ ആദ്യ പ്രാർത്ഥനാ നിയോഗം വിശ്വാസികളുമായി പാപ്പ പങ്കുവെച്ചു.

2026 ജനുവരി മാസത്തിൽ 'ദൈവ വചനത്തോടുള്ള പ്രാർത്ഥന' എന്ന വിഷയത്തിനാണ് സഭ പ്രാധാന്യം നൽകുന്നത്. വത്തിക്കാനിലെ അതിപുരാതനമായ സെന്റ് പെല്ലഗ്രിനോ ദേവാലയത്തിൽ വെച്ചാണ് പാപ്പയുടെ സന്ദേശം ചിത്രീകരിച്ചത്.

"ദൈവ വചനം നമ്മുടെ നിത്യജീവിതത്തിനുള്ള ആഹാരമാണ്. ജീവിതത്തിന്റെ പ്രതിസന്ധികളിലും അന്ധകാരത്തിലും വഴികാട്ടുന്ന പ്രകാശമാണത്. നമ്മുടെ തീരുമാനങ്ങളെ ദൈവഹിതത്തിനനുസരിച്ച് രൂപപ്പെടുത്താൻ വചനം നമ്മെ സഹായിക്കുന്നു."- പാപ്പ പറഞ്ഞു.

"മനുഷ്യന്റെ അസ്വസ്ഥമായ ഹൃദയത്തിന് ശാന്തി നൽകാനും ലോകത്ത് സമാധാനം വളർത്താനും സുവിശേഷത്തിന് മാത്രമേ കഴിയൂ. വചനത്തിൽ ഊന്നിയുള്ള പ്രാർത്ഥന സഭയെ കൂടുതൽ സാഹോദര്യമുള്ളതും മിഷനറി ചൈതന്യമുള്ളതുമാക്കി മാറ്റും."- പാപ്പ ഓർമ്മിപ്പിച്ചു. കർത്താവേ, അങ്ങയുടെ വചനം ഞങ്ങളുടെ അധരങ്ങളിൽ നിന്നും ഹൃദയങ്ങളിൽ നിന്നും ഒരിക്കലും അകന്നുപോകാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് മാർപാപ്പ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.

'പ്രേ വിത്ത് ദി പോപ്പ്'?

ആധുനിക ഡിജിറ്റൽ യുഗത്തിൽ മാർപാപ്പയുടെ പ്രതിമാസ പ്രാർത്ഥനാ നിയോഗങ്ങൾ ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്ക് എളുപ്പത്തിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പോപ്‌സ് വേൾഡ്‌വൈഡ് പ്രെയർ നെറ്റ്‌വർക്കിന്റെ നേതൃത്വത്തിലാണ് ഇത് നടപ്പിലാക്കുന്നത്. ആർക്കും എവിടെയിരുന്നും മാർപാപ്പയോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാനുള്ള തുറന്ന വാതിലാണിതെന്ന് ഡയറക്ടർ ഫാ. ക്രിസ്റ്റോബൽ ഫോൺസ് എസ്.ജെ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.