കാഴ്ച മറഞ്ഞും ശ്വാസം മുട്ടിയും ഡല്‍ഹി; ട്രെയിന്‍-വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

കാഴ്ച മറഞ്ഞും ശ്വാസം മുട്ടിയും ഡല്‍ഹി; ട്രെയിന്‍-വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

ന്യൂഡല്‍ഹി: രൂക്ഷമായി തുടരുന്ന വായു മലിനീകരണത്തിലും കടുത്ത മൂടല്‍മഞ്ഞിലും ശ്വസം മുട്ടി ഡല്‍ഹിയും സമീപ നഗരങ്ങളും. കാഴ്ച പൂര്‍ണമായും തടസപ്പെടുത്തിയതിനാല്‍ നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി. രാവിലെ ഏഴിന് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 439 ല്‍ എത്തിയിരുന്നു.

വായുവിന്റെ ഗുണനിലവാരം കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ഏറ്റവും കര്‍ശനമായ മലിനീകരണ വിരുദ്ധ നടപടികളായ ഗ്രാപ്പ്-IV പ്രകാരം ശനിയാഴ്ച കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സഫ്ദര്‍ജംഗില്‍ കാഴ്ച പൂര്‍ണമായി തടസപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. പാലം മേഘലയില്‍ കാഴ്ചപരിധി 100 മീറ്റര്‍ ആയിരുന്നു.

അതേസമയം കനത്ത മൂടല്‍മഞ്ഞ് കാരണം എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉള്‍പ്പെടെയുള്ള നിരവധി എയര്‍ലൈന്‍ സര്‍വീസുകള്‍ക്ക് തടസം നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍ 24 ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മൂടല്‍മഞ്ഞ് ബാധിച്ചു. ഇവിടെ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ 35 ശതമാനവും ഏറെ വൈകിയാണ് ടേക്ക് ഓഫ് ചെയ്യുന്നത്. അതുപോലെ എത്തിച്ചേരുന്ന വിമാനങ്ങള്‍ക്ക് 27 ശതമാനം വിമാനങ്ങളുടെയും ലാന്‍ഡിങ് വൈകുന്നുണ്ട്.

കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കിലും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാണെന്ന് രാവിലെ ന് ഡല്‍ഹി വിമാനത്താവളം ട്വീറ്റ് ചെയ്തിരുന്നു. ഡല്‍ഹി-എന്‍സിആര്‍ കൂടാതെ, ബറേലി, ലക്‌നൗ, കുഷിനഗര്‍ എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച പൂര്‍ണമായും മറഞ്ഞു. അമൃത്സറിലും ഗോരഖ്പൂരിലും 100 മീറ്ററും പ്രയാഗ് രാജില്‍ 200 മീറ്ററും ആയിരുന്നു കാഴ്ചപരിധി. മൂടല്‍മഞ്ഞ് ഡസന്‍ കണക്കിന് ട്രെയിനുകളെയും ബാധിച്ചു. കാലതാമസം 12 മണിക്കൂര്‍ വരെ നീണ്ടു. രാജധാനി, ദുരന്തോ, ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനുകള്‍ ഉള്‍പ്പെടെ പ്രമുഖ ട്രെയിനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഡല്‍ഹിയില്‍ ശനിയാഴ്ച 4.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഇത് ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണ്. സീസണിലെ ശരാശരിയേക്കാള്‍ 3.2 ഡിഗ്രി താഴെ ആയിരുന്നു താപനില. ജനുവരി 17 മുതല്‍ 20 വരെ ഏറ്റവും കുറഞ്ഞ താപനില ക്രമേണ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും വരും ദിവസങ്ങളില്‍ നേരിയ ശൈത്യകാല മഴയ്ക്ക് സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് വെതര്‍ വ്യക്തമാക്കി.

ജനുവരി 23 നും 26 നും ഇടയില്‍ വീണ്ടും തണുപ്പ് കാലം പ്രവചിക്കപ്പെട്ടിട്ടുണ്ടെന്നും അപ്പോള്‍ താപനില വീണ്ടും കുറയുമെന്നുമാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.