വാഷിങ്ടണ്‍: ഇസ്രയേല്‍-ഹമാസ് സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 'ഗാസ ബോര്‍ഡ് ഓഫ് പീസില്‍' ചേരാന്‍ ഇന്ത്യയ്ക്ക് ക്ഷണം. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയുടെ നിര്‍ണായക പങ്ക് വ്യക്തമാക്കുന്നതാണ് നീക്കം.
ഒക്ടോബര്‍ 10 ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഗാസയിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനാണ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. യു.എസ് പിന്തുണയുള്ള 20 ഇന സമാധാന പദ്ധതിയുടെ ഭാഗമാണിത്. ഗാസയില്‍ പുതിയ പാലസ്തീന്‍ കമ്മിറ്റി സ്ഥാപിക്കുന്നതിന് മേല്‍നോട്ടം വഹിക്കുക, മേഖലയില്‍ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക, ഹമാസിനെ നിരായുധീകരിക്കുക, യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക മുതലായവയുടെ മേല്‍നോട്ടമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.
ബോര്‍ഡില്‍ സ്ഥിര അംഗത്വം നേടുന്നതിന് 100 കോടി ഡോളര്‍ സംഭാവന നല്‍കണമെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക ഗാസയുടെ പുനര്‍നിര്‍മാണത്തിനായി മാറ്റിവെക്കും. എന്നാല്‍ മൂന്ന് വര്‍ഷത്തെ താല്‍കാലിക അംഗത്വത്തിന് സാമ്പത്തിക നിബന്ധനകള്‍ ഒന്നുമില്ല. ഇന്ത്യയെ കൂടാതെ ജോര്‍ദാന്‍, ഗ്രീസ്, സൈപ്രസ്, പാകിസ്ഥാന്‍, കാനഡ, തുര്‍ക്കി, ഈജിപ്റ്റ് തുടങ്ങിയ നിരവധി രാജ്യങ്ങളെ ബോര്‍ഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അംഗങ്ങളുടെ അന്തിമ പട്ടിക സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ വച്ച് പ്രഖ്യാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.