ലക്ഷ്യം ഗാസയിലെ സമാധാനം; ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസി'ല്‍ അംഗമായി പാകിസ്ഥാന്‍

ലക്ഷ്യം ഗാസയിലെ സമാധാനം; ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസി'ല്‍ അംഗമായി പാകിസ്ഥാന്‍

ഇസ്ലാമബാദ്: ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസ്' സമിതിയില്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിച്ച് പാകിസ്ഥാന്‍. ബുധനാഴ്ച നടന്ന യോഗത്തില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

സുപ്രധാന നീക്കത്തിന്റെ ഭാഗമായി പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലേക്ക് തിരിച്ചു. ദാവോസില്‍ അദേഹം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം ഡൊണാള്‍ഡ് ട്രംപിനെ കാണാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്രംപിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് പാകിസ്ഥാന്‍ സമിതിയുടെ ഭാഗമാകുന്നത്. ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പിലാക്കുക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക, ഗാസയുടെ പുനര്‍ നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് സമിതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

1967 ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി അല്‍-ഖുദ്സ് അല്‍-ഷെരീഫ് (ജറുസലേം) തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ പാലസ്തീന്‍ രാജ്യം രൂപവല്‍കരിക്കണമെന്ന നിലപാടിലാണ് പാകിസ്ഥാന്‍ ഉറച്ച് നില്‍ക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്ക് അനുസൃതമായി ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ പാലസ്തീന്‍ ജനതയുടെ സ്വയംഭരണാവകാശം ഉറപ്പാക്കാന്‍ ഈ നീക്കത്തിലൂടെ സാധ്യമാകുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം സമിതിയില്‍ അംഗമാകുന്നതിന് നിശ്ചയിച്ചിട്ടുള്ള ഒരു ബില്യണ്‍ ഡോളര്‍ അംഗത്വ ഫീസ് പാകിസ്ഥാന്‍ നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

'ബോര്‍ഡ് ഓഫ് പീസ്' സമിതിയില്‍ അംഗമാകുന്നതിന് ഇന്ത്യയെയും ട്രംപ് ക്ഷണിച്ചിരുന്നെങ്കിലും ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.