'ഞാന്‍ ഒരു ഏകാധിപതി, ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഏകാധിപതിയെ ആവശ്യമായി വരും'; തന്റെ നേതൃത്വ ശൈലിയെ ഏകാധിപത്യത്തോട് ഉപമിച്ച് ട്രംപ്

'ഞാന്‍ ഒരു ഏകാധിപതി, ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഏകാധിപതിയെ ആവശ്യമായി വരും'; തന്റെ നേതൃത്വ ശൈലിയെ ഏകാധിപത്യത്തോട് ഉപമിച്ച് ട്രംപ്

ദാവോസ്: സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെയാണ് ട്രംപ് തന്റെ നേതൃത്വ ശൈലി ഏകാധിപത്യ സ്വഭാവമുള്ളതാണെന്ന് സ്വയം വിലയിരുത്തിയത്. ദാവോസിലെ ഒരു റിസോര്‍ട്ടില്‍ നടന്ന വിരുന്നിനിടെയായിരുന്നു ട്രംപ് വാചാലനായത്.

ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരെ ഭീഷണികള്‍ മുഴക്കിയിരുന്ന ട്രംപ് ഇതിനെ കുറിച്ചാണ് പ്രസംഗത്തില്‍ കൂടുതലും സംസാരിച്ചിരുന്നത്. അത്ഭുതകരമെന്ന് പറയട്ടെ തന്റെ പ്രസംഗത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചതെന്ന് ട്രംപ് പറഞ്ഞു. അവര്‍ താന്‍ ഒരു ഏകാധിപതിയാണെന്ന് പറഞ്ഞേക്കാം. അതേ താനൊരു ഏകാധിപതിയാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഏകാധിപതി ആവശ്യമായി വരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കാനുള്ള തന്റെ നീക്കത്തെ എതിര്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരെ ട്രംപ് തീരുവ ഭീഷണി മുഴക്കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. തന്റെ പാര്‍ട്ടി തോല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ 2026 ലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ദേശ സുരക്ഷയെക്കരുതി ഡെന്‍മാര്‍ക്കില്‍ നിന്ന് യു.എസ് ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കുന്ന കാര്യത്തില്‍ അടിയന്തര ചര്‍ച്ചവേണമെന്ന ആവശ്യവും അദേഹം ഉന്നയിച്ചിരുന്നു.

അതേസമയം സൈനിക നടപടിയിലൂടെ ഡെന്‍മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലന്‍ഡ് പിടിക്കുമെന്ന ദിവസങ്ങളായുള്ള ഭീഷണിയില്‍ അദേഹം അയവ് വരുത്തിയിട്ടുണ്ട്. ഗ്രീന്‍ലന്‍ഡിനുമേല്‍ ബലപ്രയോഗമുണ്ടാകില്ലെന്നാണ് ട്രംപ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കരുത്തുറ്റതും സുരക്ഷിതവുമായ അമേരിക്ക എന്നാല്‍ കരുത്തുറ്റ നാറ്റോ എന്ന് തന്നെയാണ് അര്‍ഥം എന്നും ട്രംപ് പ്രസംഗത്തില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.