ഇന്‍ഡക്‌സ് ലിങ്ക്ഡ് താരിഫ് പരിഷ്‌കരണമാണ് കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്നത്.
ന്യൂഡല്‍ഹി: വൈദ്യുതി താരിഫ് പരിഷ്‌കരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം. വൈദ്യുതി ഉല്‍പാദനത്തിനും വിതരണത്തിനുമുള്ള ചെലവിന്റെ അടിസ്ഥാനത്തിലാണ് ഇനി നിരക്ക് നിര്‍ണയിക്കുക.
ഇതുപ്രകാരം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ വര്‍ഷവും രാജ്യത്തെ ഉപയോക്താക്കളുടെ വൈദ്യുതി ബില്ലുകള്‍ സ്വയം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ ദേശീയ വൈദ്യുതി നയത്തിന്റെ കരടില്‍ (എന്‍.ഇ.പി) ഇതു സംബന്ധിച്ച സൂചന നല്‍കുന്നുണ്ട്.
സംസ്ഥാനങ്ങളിലെ വൈദ്യുതി റഗുലേറ്ററി കമ്മീഷനുകള്‍ക്ക് തന്നെയാണ് നിരക്ക് നിശ്ചയിക്കാനുള്ള ചുമതല. എന്നാല്‍, റഗുലേറ്ററി കമ്മീഷനുകള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വൈദ്യുതി ഉല്‍പാദന ചെലവ് കണക്കാക്കി നിരക്ക് സ്വയം പുനര്‍നിര്‍ണയിക്കപ്പെടുന്ന ഇന്‍ഡക്‌സ് ലിങ്ക്ഡ് താരിഫ് പരിഷ്‌കരണമാണ് എന്‍.ഇ.പി തയാറാക്കിയത്.
വൈദ്യുതി ഉല്‍പാദനത്തിനും വിതരണത്തിനുമുള്ള ചെലവ് വര്‍ധിച്ചാല്‍ പൂര്‍ണമായും ഉപയോക്താവില്‍ നിന്ന് വാങ്ങണമെന്നാണ് എന്‍.ഇ.പി നിര്‍ദേശം. ഓരോ മാസത്തിന്റെയും അടിസ്ഥാനത്തിലാണ് വൈദ്യുതിയുടെ ഉല്‍പാദന, വിതരണ ചെലവ് കണക്കാക്കുക. അതുപോലെ, വൈദ്യുതി വാങ്ങാനുള്ള ചെലവിലെ ഏറ്റക്കുറച്ചിലുകള്‍ നേരിടാനായി വിതരണ കമ്പനികള്‍ പ്രത്യേക ഫണ്ടുകള്‍ രൂപവല്‍കരിക്കണമെന്നും കേന്ദ്ര വൈദ്യുതി മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.
ഉപയോക്താക്കള്‍ക്ക് എല്ലാ മാസവും ഉയര്‍ന്ന വൈദ്യുതി നിരക്ക് നല്‍കേണ്ടി വരുമെന്ന് സൂചന നല്‍കുന്ന എന്‍.ഇ.പിയുടെ കരട് സംബന്ധിച്ച് സംസ്ഥാനങ്ങളും വൈദ്യുതി ഉല്‍പാദന, വിതരണ കമ്പനികളും ഉപഭോക്തൃ സംഘടനകളും 30 ദിവസത്തിനകം അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.
നിലവില്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളാണ് വൈദ്യുതി നിരക്ക് നിര്‍ണയിക്കുന്നത്. എന്നാല്‍, ചെലവ് ഉയര്‍ന്നിട്ടും നിരക്ക് വര്‍ധിപ്പിക്കാത്തതിനാല്‍ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നത് എന്നാണ് പറയുന്നത്. 2025 സാമ്പത്തിക വര്‍ഷം കമ്പനികള്‍ക്ക് 15.04 ശതമാനത്തിന്റെ വൈദ്യുതി വിതരണ നഷ്ടം നേരിട്ടതായാണ് കണക്ക്.
വൈദ്യുതി ഉല്‍പാദനത്തിനും വിതരണത്തിനും ചെലവാകുന്ന തുക പൂര്‍ണമായും തിരിച്ചു കിട്ടിയാല്‍ മാത്രമേ മേഖലക്ക് നിലനില്‍ക്കാന്‍ കഴിയൂവെന്നാണ് കരട് നയത്തില്‍ പറയുന്നത്. ഒരു യൂണിറ്റ് വൈദ്യുതി വിതരണം ചെയ്യാന്‍ ശരാശരി 6.82 രൂപയാണ് ചെലവ്.
ഗാര്‍ഹിക ഉപയോക്താക്കള്‍ യൂണിറ്റിന് ശരാശരി 6.47 രൂപയും വാണിജ്യ ഉപയോക്താക്കളും ഇലക്ട്രിക് വാഹനങ്ങളില്‍ ചാര്‍ജ് ചെയ്യുന്നവരും 10.49 രൂപയുമാണ് നല്‍കുന്നത്. ദേശീയ ശരാശരി താരിഫാണിത്. അതേസമയം, ഓരോ സംസ്ഥാനങ്ങളും വിതരണ കമ്പനികളും ചുമത്തുന്ന വൈദ്യുതി നിരക്ക് വ്യത്യസ്തമാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.