'ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍ കടുത്ത സൈനിക നടപടി നേരിടേണ്ടി വരും'; ബോര്‍ഡ് ഓഫ് പീസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

'ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍ കടുത്ത സൈനിക നടപടി നേരിടേണ്ടി വരും'; ബോര്‍ഡ് ഓഫ് പീസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

ദാവോസ്: ഗാസയിലെ സമാധാനവും പുനര്‍ നിര്‍മാണവും ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവിഷ്‌ക്കരിച്ച ആഗോള സമാധാന പദ്ധതിയായ ബോര്‍ഡ് ഓഫ് പീസിന് ഔദ്യോഗിക തുടക്കം. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍വച്ച് വ്യാഴാഴ്ചയാണ് പ്രഖ്യാപനം ഉണ്ടായത്.

35 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഹമാസ് ഉടന്‍ ആയുധം ഉപേക്ഷിച്ചില്ലെങ്കില്‍ കടുത്ത സൈനിക നടപടി നേരിടേണ്ടിവരുമെന്ന് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കി. ഗാസയിലെ വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിനൊപ്പം ആഗോളതലത്തിലുള്ള മറ്റ് സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ബോര്‍ഡ് മുന്‍കൈ എടുക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.

ഇത് ഐക്യരാഷ്ട്ര സഭയ്ക്ക് പകരമല്ലെന്നും മറിച്ച് യുഎന്നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ ബോഡിയായി മാറുമെന്നും ബോര്‍ഡിന്റെ ചെയര്‍മാനായ ട്രംപ് വ്യക്തമാക്കി. എന്നാല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനങ്ങളുടെ പരിധിയില്‍ നിന്ന് മാത്രമേ ഐക്യരാഷ്ട്രസഭ ഇതിനോട് സഹകരിക്കുകയുള്ളൂ എന്ന് യുഎന്‍ വക്താവ് വ്യക്തമാക്കി.


അതേസമയം ഉക്രെയ്ന്‍ യുദ്ധം പരിഹരിക്കുക എന്നത് താന്‍ വിചാരിച്ചതിനേക്കാള്‍ പ്രയാസകരമായ ഒന്നാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. തന്റെ ഭരണ കാലത്ത് എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നും ഇറാന്റെ ആണവ ശേഷി അമേരിക്കന്‍ ആക്രമണത്തിലൂടെ തകര്‍ത്തുവെന്നും ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗാസയിലെ വെടിനിര്‍ത്തല്‍ നിലവില്‍ ദുര്‍ബലമാണെന്നും ഹമാസ് നിരായുധരാകാത്തതാണ് ഇതിന് പ്രധാന തടസമെന്നും ട്രംപിന്റെ മരുമകന്‍ ജാറെഡ് കുഷ്നര്‍ പറഞ്ഞു.
ട്രംപിന്റെ സുപ്രധാന നീക്കമായ ബോര്‍ഡ് ഓഫ് പീസില്‍ ഇന്ത്യ പങ്കാളിത്തം സ്വീകരിച്ചിട്ടില്ല. ഇന്ത്യയെ കൂടാതെ ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, ജര്‍മനി എന്നി രാജ്യങ്ങളും

സംരംഭത്തില്‍ നിന്ന് വിട്ടുനിന്നു. പദ്ധതിയില്‍ ചേരാന്‍ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ഫ്രഞ്ച് വീഞ്ഞിന്മേല്‍ അമേരിക്ക 200 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.

അതേസമയം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങില്‍ നേരിട്ടെത്തി കരാറില്‍ ഒപ്പുവെച്ചു. സൗദി അറേബ്യ, ഇസ്രയേല്‍, തുര്‍ക്കി, യുഎഇ, അര്‍ജന്റീന, ഇന്തോനേഷ്യ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പദ്ധതിയുടെ സ്ഥാപകാംഗങ്ങളാണ്. റഷ്യ ബോര്‍ഡില്‍ ചേരുന്ന കാര്യം പരിഗണിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇസ്രയേലും ബോര്‍ഡില്‍ ചേരാന്‍ സമ്മതം അറിയിച്ചതായാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.