പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ മാറാന്‍ കഴിയാത്ത ഖജനാവ്; ധനമന്ത്രിയുടേത് ആളുകളെ കബളിപ്പിക്കാനുള്ള ഗീര്‍വാണ പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ്

പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ മാറാന്‍ കഴിയാത്ത ഖജനാവ്; ധനമന്ത്രിയുടേത് ആളുകളെ കബളിപ്പിക്കാനുള്ള ഗീര്‍വാണ പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വര്‍ഷം സമയം ലഭിച്ചിട്ടും ചെയ്യാത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്നാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അത് ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ധന മന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

പത്ത് വര്‍ഷം പൂര്‍ണമായി പരാജയപ്പെട്ട മേഖലകളില്‍ മാറ്റം ഉണ്ടാകുമെന്നുള്ള അവകാശവാദമാണ്. അനാവശ്യമായ രാഷ്ട്രീയം കലര്‍ത്തി യഥാര്‍ത്ഥത്തില്‍ ഈ ബജറ്റിന്റെ പവിത്രത തന്നെ നഷ്ടപ്പെടുത്തി. തിരഞ്ഞെടുപ്പിന് മുന്‍പ് ആളുകളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനമാണിത്.

കേരളത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മോശം പ്ലാന്‍ എക്സ്പെന്റീച്ചര്‍ നടത്തിയ ഒരു വര്‍ഷമാണിത്. അപ്പോള്‍ പദ്ധതിക്ക് എന്ത് പ്രസക്തി? പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്ന് മാറാന്‍ പറ്റില്ല. കഴിഞ്ഞ അഞ്ച് മാസമായി ഈ നിയന്ത്രണം നിലവിലുണ്ട്. പണ്ട് ചില സാമ്പത്തിക പ്രയാസം വരുമ്പോള്‍ മാത്രമാണ് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

തുടര്‍ച്ചയായി 10 ലക്ഷം രൂപയില്‍ കൂടുതല്‍ മാറാന്‍ കഴിയാത്ത ഒരു ഖജനാവ് വച്ചുകൊണ്ടാണ് ഈ ഗീര്‍വാണ പ്രസംഗം ധനമന്ത്രി നടത്തിയിരിക്കുന്നത്. 'ന്യൂ നോര്‍മല്‍' എന്നത് തോന്നിയത് പോലെ ബഡ്ജറ്റില്‍ പ്രഖ്യാപിക്കുക അത് നടത്താതെ ഇരിക്കുക എന്നതാണ്.

ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ ന്യു നോര്‍മല്‍. കഴിഞ്ഞ 10 മാസമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള ഒന്നാമത്തെ സംസ്ഥാനം കേരളമാണ്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികളില്‍ 75ശതമാനവും നടപ്പിലാക്കിയിട്ടില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2024-ലാണ് പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്. സമയത്ത് ശമ്പള കമ്മിഷന്‍ വെക്കുകയോ അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സമയം കൊടുക്കുകയോ ചെയ്തില്ല. അവസാനം പോകുന്ന പോക്കില്‍ ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപിക്കുകയാണ്.

ആരാണ് ഇനി കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കേണ്ടത്? അടുത്ത സര്‍ക്കാര്‍. അവരുടെ ചുമതലയാണ് അത്. ഡിഎ കുടിശിക വലിയ തുകയാണ്. അതും അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് ബുദ്ധിപൂര്‍വം കെട്ടിവെച്ചിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.