കേരള കോണ്‍ഗ്രസിന്റെ നാല് സീറ്റുകള്‍ ഏറ്റെടുക്കും; സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ്: ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി 31 ന്

കേരള കോണ്‍ഗ്രസിന്റെ നാല് സീറ്റുകള്‍ ഏറ്റെടുക്കും; സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ്: ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി 31 ന്

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കിയ പത്ത് സീറ്റുകളില്‍ നാലെണ്ണം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കുട്ടനാട് സീറ്റുകളാണ് കോണ്‍ഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.

ഈ നാല് മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യത ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പഠനത്തിന്റെയും അവലോകനത്തിന്റെയും വിലയിരുത്തല്‍. കോണ്‍ഗ്രസ് നേരിട്ട് മത്സരിച്ചാല്‍ ഈ സീറ്റുകള്‍ ഉറപ്പായും വിജയിക്കാന്‍ കഴിയുമെന്നും നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കിയപ്പോഴും ഇടുക്കിയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പല മണ്ഡലങ്ങളിലും അവര്‍ക്ക് ശക്തമായ സംഘടനാ സംവിധാനമില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്.

നാല് സീറ്റുകള്‍ വിട്ടു നല്‍കുന്നതിന് പകരമായി പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കി ഒരു ഒത്തുതീര്‍പ്പിലെത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. പി.ജെ. ജോസഫുമായും മോന്‍സ് ജോസഫുമായും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഈ ആവശ്യം അറിയിച്ചതായാണ് വിവരം.

ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഈ മാസം 31 ന് ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. നിലവില്‍ സീറ്റുകള്‍ വിട്ടു നല്‍കാന്‍ ജോസഫ് വിഭാഗം തയ്യാറല്ലെങ്കിലും കോണ്‍ഗ്രസിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വരുമെന്നാണ് സൂചനകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.