ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ മകന്‍ മുജ്തബ ഖൊമേനി ഉപരോധങ്ങളെ മറികടന്ന് വലിയൊരു സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുത്തതായി റിപ്പോര്‍ട്ട്. കടുത്ത ഉപരോധങ്ങള്‍ നിലനില്‍ക്കെ ലണ്ടന്‍, ദുബായ്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ വിദേശ നഗരങ്ങളില്‍ ശതകോടികളുടെ ആസ്തികളും ആഡംബര വസ്തുക്കളും മുജ്തബ രഹസ്യമായി സമ്പാദിച്ചതായാണ് റിപ്പോര്‍ട്ട്.
അലി അന്‍സാരി എന്ന വ്യവസായ പ്രമുഖന്‍ വഴിയാണ് പണമിടപാടുകള്‍ നടത്തിയത്. ഇറാനിലെ എണ്ണ വില്‍പനയില്‍ നിന്നുള്ള വരുമാനമാണ് ഇതിനായി ഉപയോഗിച്ചത്. രാജ്യത്തെ സാധാരണക്കാര്‍ പട്ടിണിയിലായിരിക്കെയാണ് പരമോന്നത നേതാവിന്റെ മകന്റെ രഹസ്യ സമ്പാദ്യം. തന്റെ പേരില്‍ നേരിട്ട് സ്വത്തുക്കള്‍ വാങ്ങുന്നതിന് പകരം വിശ്വസ്തരായ ഇടനിലക്കാരെ ഉപയോഗിച്ചാണ് മുജ്തബ സ്വത്തുക്കള്‍ സമ്പാദിച്ചിരിക്കുന്നത്.
ബ്രിട്ടന്റെ ഉപരോധപ്പട്ടികയിലുള്ള ഇറാനിയന്‍ വ്യവസായിയാണ് അലി അന്‍സാരി. ഇയാളാണ് ഇതിലെ പ്രധാനി. അന്‍സാരിയുടെ പേരിലോ ഇയാള്‍ നിയന്ത്രിക്കുന്ന കമ്പനികളുടെ പേരിലോ ആണ് മിക്ക നിക്ഷേപങ്ങളും നടത്തിയിട്ടുള്ളത്. യഥാര്‍ത്ഥ ഉടമസ്ഥാവകാശം മറച്ചുവെയ്ക്കാന്‍ വിവിധ തലങ്ങളായി തിരിച്ചിട്ടുള്ള നിരവധി ഷെല്‍ കമ്പനികളെ ഉപയോഗിച്ചാണ് മുജ്തബ സ്വത്തുക്കള്‍ സമ്പാദിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, ഐല്‍ ഓഫ് മാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിബ ലഷര്‍ ലിമിറ്റഡ്, ബിര്‍ച്ച് വെഞ്ചേഴ്‌സ് ലിമിറ്റഡ് എന്നിവ ഇതില്‍ ചിലതാണ്. ഈ നിക്ഷേപങ്ങള്‍ക്ക് ആവശ്യമായ പണം പ്രധാനമായും വരുന്നത് ഇറാനിയന്‍ എണ്ണ വില്‍പനയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഉപരോധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇടനിലക്കാരെയും വ്യാജ കമ്പനികളെയും ഉപയോഗിച്ച് അതീവ രഹസ്യമായ വഴികളിലൂടെയാണ് പണം വിദേശങ്ങളിലേക്ക് കടത്തുന്നത്. പണം കൈമാറുന്നതിനായി യു.കെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിക്റ്റന്‍സ്‌റ്റൈന്‍, യുഎഇ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ ഇടനിലക്കാരനായ അന്‍സാരി സൈപ്രസ് പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയത് യൂറോപ്പില്‍ എളുപ്പത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും ഇറാനുമായുള്ള ബന്ധം മറച്ചുവെയ്ക്കാനും സഹായിച്ചിട്ടുണ്ട്.
ലണ്ടനിലെ ബില്യണയര്‍ റോ എന്നറിയപ്പെടുന്ന തെരുവിലെ 100 മില്യണ്‍ പൗണ്ടിലധികം വിലമതിക്കുന്ന ആഡംബര വീടുകള്‍, ദുബായിലെ വില്ലകള്‍, ഫ്രാങ്ക്ഫര്‍ട്ടിലെയും മല്ലോര്‍ക്കയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവയില്‍ മുജ്തബ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി മുജ്തബയ്ക്കുള്ള അടുത്ത ബന്ധം സാമ്പത്തിക ഇടപാടുകള്‍ക്ക് വലിയതോതില്‍ കരുത്ത് നല്‍കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൂടാതെ സര്‍ക്കാര്‍ കരാറുകള്‍ നേടുന്നതിനും പണം വിദേശത്തേക്ക് കടത്തുന്നതിനും ഉള്ള മാര്‍ഗമായി നിര്‍മാണം, ഷിപ്പിങ് തുടങ്ങിയ മേഖലകളെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതേസമയം മുജ്തബ ഖൊമേനിയുമായി തനിക്ക് വ്യക്തിപരമോ സാമ്പത്തികമോ ആയ യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കി അലി അന്‍സാരി തന്റെ അഭിഭാഷകന്‍ മുഖേന രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.