എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണം: തിരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി

എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണം: തിരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്  സുപ്രീം കോടതിയില്‍ തിരിച്ചടി

ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍.എസ.്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കുകൂടി ബാധകമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി.

സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിള്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള താല്‍കാലിക അധ്യാപകരും ഭിന്നശേഷിക്കാരും ആവശ്യപ്പെട്ടതിനാല്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്ക് മാറ്റി. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത മങ്ങി.

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍.എസ.്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കുകൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ 6,230 ജീവനക്കാര്‍ ജോലി ചെയ്യുന്നത് താല്‍കാലിക ശമ്പള സ്‌കെയില്‍ അടിസ്ഥാനത്തിലാണ്. 17,729 പേര്‍ ജോലി ചെയ്യുന്നത് ദിവസ വേതനാടിസ്ഥാനത്തിലും.

ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. അതിനാല്‍ എന്‍.എസ.്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കുകൂടി ബാധകമാക്കണം എന്നായിരുന്നു കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ ജയ്ദീപ് ഗുപ്തയും ജയന്ത് മുത്തുരാജും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും വാദിച്ചത്.

എന്നാല്‍ എന്‍.എസ്.എസിന്റെ വിധി കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക് മാത്രമാണ് ബാധകമെന്നും സിംഗിള്‍ മാനേജ്‌മെന്റുകള്‍ക്ക് അവ ബാധകമല്ലെന്നും താല്‍കാലിക അധ്യാപകര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയലും അഭിഭാഷകന്‍ ഹാരിസ് ബീരാനും വാദിച്ചു.

ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ഹാജരായ പി.കെ നന്ദിനയും സര്‍ക്കാര്‍ ആവശ്യത്തെ എതിര്‍ത്തു. ഇരുകക്ഷികള്‍ക്കും മറുപടിനല്‍കാന്‍ സമയം അനുവദിച്ച സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റി.

ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍.എസ.്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കുകൂടി ബാധകമാക്കാനുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ടു. സര്‍ക്കാര്‍ വാദത്തെ പിന്തുണയ്ക്കാന്‍ ക്രൈസ്തവ സഭകള്‍ ഉള്‍പ്പെടെ മറ്റ് ഒരു കോര്‍പറേറ്റ് മാനേജ്‌മെന്റുകളും സുപ്രീം കോടതിയില്‍ ഹാജരായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.