കുടുംബം പാര്‍ട്ടി നിലപാടിനൊപ്പം: പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് വി.എസിന്റെ മകന്‍

കുടുംബം പാര്‍ട്ടി നിലപാടിനൊപ്പം: പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് വി.എസിന്റെ മകന്‍

തിരുവനന്തപുരം: പത്മവിഭൂഷണ്‍ പുരസ്‌കാരത്തില്‍ നിലപാട് വ്യക്തമാക്കി വി.എസ് അച്യുതാനന്ദന്റെ കുടുംബം. പാര്‍ട്ടി നിലപാടിനൊപ്പമാണെന്നും പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്നും മകന്‍ വി.എ അരുണ്‍കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അരുണ്‍കുമാര്‍ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മവിഭൂഷണ്‍ അന്തരിച്ച തന്റെ പിതാവ് വി.എസ് അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.

ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതു സമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസിനോട് ജനങ്ങള്‍ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും തങ്ങള്‍ക്ക് വലിയ കരുത്താണ്. ഈ പുരസ്‌കാരം അദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.

എങ്കിലും ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനമെന്നും അദേഹം വ്യക്തമാക്കി.

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ അദേഹത്തിന് നല്‍കുന്ന സ്നേഹ വായ്പുകള്‍ക്ക് നന്ദിയെന്നും വി.എ അരുണ്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.