ക്യൂബൻ മെത്രാന്മാർ വത്തിക്കാനിലേക്ക്; ലിയോ പതിനാലാമൻ മാർപാപ്പയുമായി ഈ മാസം കൂടിക്കാഴ്ച നടത്തും

ക്യൂബൻ മെത്രാന്മാർ വത്തിക്കാനിലേക്ക്; ലിയോ പതിനാലാമൻ മാർപാപ്പയുമായി ഈ മാസം കൂടിക്കാഴ്ച നടത്തും

വത്തിക്കാൻ സിറ്റി: ക്യൂബയിലെ കത്തോലിക്കാ മെത്രാന്മാർ ഈ മാസം ലിയോ പതിനാലാമൻ മാർപാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 16 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് ക്യൂബൻ മെത്രാൻ സമിതി റോമിലേക്ക് തിരിക്കുന്നത്. രൂപതകളിലെ പ്രവർത്തനങ്ങൾ മാർപാപ്പയെ നേരിട്ട് അറിയിക്കുന്ന 'ആഡ് ലിമിന' സന്ദർശനത്തിന്റെ ഭാഗമായാണ് ഈ യാത്ര.

ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെയാണ് മാർപാപ്പയും മെത്രാന്മാരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ലിയോ പതിനാലാമൻ മാർപാപ്പ അധികാരമേറ്റ ശേഷം ക്യൂബൻ മെത്രാന്മാർ അദേഹത്തെ സന്ദർശിക്കുന്നത് ഇതാദ്യമായാണ്. എന്നാൽ അഗസ്റ്റീനിയൻ സഭയുടെ സുപ്പീരിയർ ജനറലായിരുന്ന കാലത്ത് പാപ്പ രണ്ട് തവണ ക്യൂബ സന്ദർശിച്ചിട്ടുള്ളതിനാൽ രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ച് അദേഹത്തിന് ആഴത്തിലുള്ള അറിവുണ്ടെന്ന് മെത്രാൻ സമിതി പ്രത്യാശ പ്രകടിപ്പിച്ചു.

ക്യൂബയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. 'മെലിസ' ചുഴലിക്കാറ്റ് നാശം വിതച്ച ക്യൂബയിൽ അമേരിക്കൻ സർക്കാർ നൽകുന്ന മാനുഷിക സഹായങ്ങൾ വിതരണം ചെയ്യുന്നത് നിലവിൽ കത്തോലിക്കാ സഭയാണ്. സർക്കാർ ഇടപെടലില്ലാതെ സഭ നേരിട്ടാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

യു.എസ് എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ് മൈക്ക് ഹാമ്മറുമായി ക്യൂബൻ മെത്രാന്മാർ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു. അമേരിക്കയും ക്യൂബയും തമ്മിലുള്ള പിരിമുറുക്കം വർദ്ധിക്കുന്നതിലുള്ള ആശങ്ക ലിയോ പതിനാലാമൻ മാർപാപ്പ കഴിഞ്ഞ ഞായറാഴ്ച പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

രാജ്യത്തെ സാധാരണക്കാരുടെ ദുഖങ്ങളും പ്രതീക്ഷകളും വത്തിക്കാന്റെ വിവിധ കാര്യാലയങ്ങളുമായും മാർപാപ്പയുമായും മെത്രാന്മാർ പങ്കുവെക്കും. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്കിടെ പള്ളികളിൽ സന്ദർശനത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.