വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ വിഖ്യാതമായ സിസ്റ്റെയ്ൻ ചാപ്പലിലെ മൈക്കലാഞ്ചലോയുടെ ലോകപ്രസിദ്ധമായ ‘അന്ത്യവിധിഎന്ന ഫ്രെസ്കോയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി വത്തിക്കാൻ അറിയിച്ചു. ഏകദേശം മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്നതാണ് ഈ ബൃഹത്തായ പദ്ധതി.
നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും സിസ്റ്റെയ്ൻ ചാപ്പൽ വിശ്വാസികൾക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കുമെന്നതാണ് ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഫ്രെസ്കോയ്ക്ക് മുന്നിൽ അതിന്റെ ഹൈ-ഡെഫനിഷൻ പുനരാവിഷ്‌കൃത ചിത്രം സ്ഥാപിക്കും. ഇതിലൂടെ സന്ദർശകർക്ക് ചിത്രത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന് തടസമുണ്ടാകില്ല.
വത്തിക്കാൻ മ്യൂസിയങ്ങളിലെ 'പാട്രൺസ് ഓഫ് ദ ആർട്സി'ന്റെ ഫ്ലോറിഡാ ചാപ്റ്റർ ആണ് ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്നത്. വത്തിക്കാൻ മ്യൂസിയത്തിലെ നവീകരണ ലബോറട്ടറി, ശാസ്ത്രീയ ഗവേഷണ വിഭാഗം, ക്യൂറേറ്റർ ഓഫീസ്, ഫോട്ടോഗ്രാഫിക് ലബോറട്ടറി എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
1994 ൽ അന്നത്തെ ഡയറക്ടർ ജനറൽ കാർലോ പിയത്രാൻജെലിയുടെയും മുഖ്യ നവീകാരകൻ ജിയാൻലൂജി കൊലാലുച്ചിയുടെയും നേതൃത്വത്തിൽ നടന്ന പ്രധാന സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശേഷം ഈ ദൃശ്യവിസ്മയങ്ങൾ നിരന്തര നിരീക്ഷണത്തിലാണ്. സന്ദർശകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഫ്രെസ്കോകൾ വർഷംതോറും പ്രത്യേക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ശുചീകരിക്കാറുണ്ട്.
മൈക്കലാഞ്ചലോയുടെ ലൂണറ്റുകൾ, മാർപാപ്പമാരുടെ ചിത്രങ്ങൾ, പതിനഞ്ചാം നൂറ്റാണ്ടിലെ മറ്റ് കലാസൃഷ്ടികൾ എന്നിവയുടെ സംരക്ഷണത്തിനായി പ്രത്യേക മുൻകരുതൽ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള കലാപ്രേമികളെയും തീർത്ഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന മൈക്കലാഞ്ചലോയുടെ ഈ സൃഷ്ടി വരുംതലമുറകൾക്കായി കൂടുതൽ ശോഭയോടെ നിലനിർത്തുക എന്നതാണ് വത്തിക്കാന്റെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.