റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ആക്രമണം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ആക്രമണം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

മോസ്‌കോ: റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ഉണ്ടായ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. ബാഷ്‌കോര്‍ട്ടോസ്ഥാന്‍ റിപ്പബ്ലിക് പ്രദേശത്തെ ഉഫയില്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ സ്പോര്‍ട്സ് ഹാളിലായിരുന്നു ആക്രമണം.

ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ കൗമാരക്കാരന്‍ കത്തിയുമായി ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച നടന്ന സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലിലേക്ക് എത്തിയ കൗമാരക്കാരന്‍ വിദ്യാര്‍ത്ഥികളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞായിരുന്നു പൊലീസുകാര്‍ സ്ഥലത്തെത്തിയത്. തടയാനുള്ള ശ്രമത്തിനിടെ അക്രമി പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു.

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിഷയത്തില്‍ ഇന്ത്യന്‍ എംബസിയും പ്രതികരിച്ചു. സംഭവം വിശദമായി നിരീക്ഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചതായും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കിയതായും എംബസി വ്യക്തമാക്കി. അതേസമയം ആക്രമണ സംഭവം റഷ്യയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.