വത്തിക്കാൻ സിറ്റി: ലോകത്ത് സമാധാനവും സാഹോദര്യവും വളർത്തുന്നതിൽ ക്രൈസ്തവരും സഭയും വഹിക്കേണ്ട നിർണായക പങ്കിനെക്കുറിച്ച് ലിയോ പതിനാലാമൻ മാർപാപ്പയും പ്രമുഖ സമാധാന പ്രവർത്തകനും സാന്റ് എജിഡിയോ കമ്മ്യൂണിറ്റിയുടെ സ്ഥാപകനുമായ ആൻഡ്രിയ റിക്കാർഡിയും കൂടിക്കാഴ്ച നടത്തി. വത്തിക്കാനിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ചയിൽ ആഗോളതലത്തിൽ സമാധാനം ഉറപ്പാക്കാനുള്ള പുതിയ കർമ്മപദ്ധതികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
1986 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടക്കം കുറിച്ച ‘അസീസിയുടെ ആത്മാവ്’ എന്ന മതാന്തര സംഭാഷണത്തിന്റെ പ്രസക്തി കൂടിക്കാഴ്ചയിൽ ലിയോ പതിനാലാമൻ പാപ്പ ഊന്നിപ്പറഞ്ഞു. മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ തള്ളിക്കളയാനും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ അനുരഞ്ജനവും സഹവർത്തിത്വവും വളർത്താനും സഭ പ്രതിജ്ഞാബദ്ധമാണെന്ന് പാപ്പ വ്യക്തമാക്കി.
റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്റ് എജിഡിയോ കമ്മ്യൂണിറ്റിയുടെ 58-ാം വാർഷികാഘോഷങ്ങളുടെ മുന്നോടിയായാണ് ഫെബ്രുവരി അഞ്ചിന് ഈ കൂടിക്കാഴ്ച നടന്നത്. 1968 ൽ ആൻഡ്രിയ റിക്കാർഡി സ്ഥാപിച്ച ഈ പ്രസ്ഥാനം ഇന്ന് എഴുപതിലധികം രാജ്യങ്ങളിൽ സജീവമാണ്. പ്രാർത്ഥനയ്ക്കൊപ്പം ദരിദ്രർ, ഭവനരഹിതർ, വയോധികർ എന്നിവർക്കായുള്ള കാരുണ്യപ്രവർത്തനങ്ങൾക്കും സമാധാന ചർച്ചകൾക്കും ഈ കമ്മ്യൂണിറ്റി നേതൃത്വം നൽകുന്നു.
ദരിദ്രരുടെ സംരക്ഷണവും അവരോടുള്ള ഐക്യദാർഢ്യവും സഭയുടെ മുഖമുദ്രയാകണമെന്ന് കൂടിക്കാഴ്ചയിൽ പാപ്പ ഓർമ്മിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും പട്ടിണിയും അനുഭവിക്കുന്നവർക്ക് വേണ്ടി സാന്റ്’എജിഡിയോ കമ്മ്യൂണിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ പാപ്പ അഭിനന്ദിച്ചു. സമാധാനത്തിനായുള്ള സംഭാഷണങ്ങൾ തടസമില്ലാതെ തുടരണമെന്നും ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.