വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഇറാന്‍ വിഷയത്തില്‍ കടുത്ത തീരുമാനത്തിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരാനാണ് ധാരണ.
കഴിഞ്ഞ വര്‍ഷം ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ഇരുവരും തമ്മില്‍ നടത്തുന്ന ഏഴാമത്തെ കൂടിക്കാഴ്ചയാണിത്. ചര്‍ച്ചകള്‍ അതീവ രഹസ്യ സ്വഭാവമുള്ളതായിരുന്നു. ഇറാനുമായി ഒരു കരാറിലെത്താനാണ് തന്റെ താല്‍പര്യമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ട്രംപ് അറിയിച്ചു.
'ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് ഞാന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. കരാര്‍ സാധ്യമാകുമെങ്കില്‍ അതിനാണ് മുന്‍ഗണന. ഇല്ലെങ്കില്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം'- ട്രംപ് പറഞ്ഞു.
ഇറാന്‍ നടത്തുന്ന ആണവ പരീക്ഷണങ്ങള്‍ക്കൊപ്പം ബാലിസ്റ്റിക് മിസൈല്‍ വികസനവും പ്രാദേശികമായ ഇടപെടലുകളും ചര്‍ച്ചാ വിഷയമാക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടതായാണ് വിവരം. ഇറാനുമായി ഒരു ചെറിയ ആണവ കരാര്‍ മാത്രം ഉണ്ടാക്കുന്നത് ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം നയതന്ത്ര ശ്രമം പരാജയപ്പെട്ടാല്‍ സൈനിക നീക്കം നടത്തുമെന്ന ഭീഷണി ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്. 2025 ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ 'മിഡ്നൈറ്റ് ഹാമര്‍' ആക്രമണത്തെ അദേഹം ഓര്‍മിപ്പിച്ചു. ഇറാന്‍ ഇത്തവണ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറുമെന്ന് കരുതുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇസ്രയേല്‍ ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്' എന്ന സമാധാന സംരംഭത്തില്‍ അംഗമായി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് നെതന്യാഹു ഇതില്‍ ഒപ്പുവെച്ചത്.
ഗാസയിലെ വെടിനിര്‍ത്തലിനും പുനര്‍നിര്‍മാണത്തിനുമായി ട്രംപ് മുന്‍കൈയെടുത്ത് രൂപീകരിച്ച സംവിധാനമാണിത്. പിന്നീട് ഈ സംരംഭം ആഗോള തലത്തിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായി വിപുലീകരിക്കാനാണ് ട്രംപ് പദ്ധതിയിടുന്നത്. ഫെബ്രുവരി 19 ന് വാഷിങ്്ടണില്‍ നടക്കുന്ന ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തില്‍ ഗാസയുടെ പുനര്‍നിര്‍മാണം പ്രധാന ചര്‍ച്ചയാകും.
ഗാസയിലെ സ്ഥിതിഗതികളും ട്രംപ്-നെതന്യാഹു ചര്‍ച്ചയില്‍ വിഷയമായി. ഗാസയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഹമാസിന്റെ നിരായുധീകരണം, ഇസ്രയേല്‍ സൈനികരുടെ പിന്മാറ്റം തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വെടിനിര്‍ത്തല്‍ പ്രക്രിയ ഇപ്പോഴും മന്ദഗതിയിലാണ്. നെതന്യാഹുവുമായുള്ള ബന്ധം ദൃഢമാണെന്നും വരും ദിവസങ്ങളിലും കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.