ഖനന മാഫിയയുടെ ഇരകൾക്ക് കാവലായി 'മാലാഖമാർ'; ദക്ഷിണാഫ്രിക്കയിൽ കത്തോലിക്കാ സന്യാസിനിമാരുടെ സാഹസിക പോരാട്ടം

ഖനന മാഫിയയുടെ ഇരകൾക്ക് കാവലായി 'മാലാഖമാർ'; ദക്ഷിണാഫ്രിക്കയിൽ കത്തോലിക്കാ സന്യാസിനിമാരുടെ സാഹസിക പോരാട്ടം

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ വ്യവസായ കേന്ദ്രമായ എംപുമലംഗയിലെ കൽക്കരി ഖനന മേഖലകളിൽ നിന്ന് പെൺകുട്ടികളെ കാണാതാകുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ തോക്കുധാരികളായ ക്രിമിനൽ സംഘങ്ങളെയും ഖനന മാഫിയയെയും ഭയക്കാതെ മരണത്തിന്റെ നിഴലിൽ കഴിയുന്ന പെൺകുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കത്തോലിക്കാ സന്യാസിനിമാർ നടത്തുന്ന പോരാട്ടം ലോകശ്രദ്ധ നേടുന്നു.

അങ്ങേയറ്റത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ചൂഷണം ചെയ്താണ് മിലഡ്രിഫ്റ്റ് പോലുള്ള ഖനന നഗരങ്ങളിൽ ക്രിമിനൽ സംഘങ്ങൾ പിടിമുറുക്കുന്നത്. മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്ത് വലയിലാക്കുന്ന പെൺകുട്ടികളെ ട്രക്ക് ഡ്രൈവർമാർക്കും ഖനി തൊഴിലാളികൾക്കുമായി വിൽക്കുകയാണ് ചെയ്യുന്നത്. ലഹരി മരുന്നിനും ക്രൂരമായ പീഡനങ്ങൾക്കും ഇരയാകുന്ന ഈ പെൺകുട്ടികൾക്ക് മുന്നിൽ നിയമ സംവിധാനങ്ങൾ പോലും പലപ്പോഴും നിസഹായരാകുന്നു.

മാധ്യമങ്ങളോ പുറം ലോകമോ അറിയാതെ അതീവ രഹസ്യമായാണ് സന്യാസിനിമാരുടെ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. 'തലീത കും' (ബാലികേ എഴുന്നേൽക്കു) പോലുള്ള ആഗോള ശൃംഖലകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ദൗത്യം അതിസാഹസികമാണ്. സുരക്ഷാ ഭീഷണികൾ അവഗണിച്ച് മാഫിയാ കേന്ദ്രങ്ങളിൽ നിന്ന് പെൺകുട്ടികളെ മോചിപ്പിക്കുന്നു. രക്ഷപ്പെടുത്തിയവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ച് കൗൺസിലിംഗും തൊഴിൽ പരിശീലനവും നൽകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നു.

മനുഷ്യക്കടത്ത് എന്നത് മാനവികതയുടെയും ക്രിസ്തുവിന്റെയും ശരീരത്തിലെ തുറന്ന മുറിവാണെന്ന ഫ്രാന്‍സിസ് മാർപാപ്പയുടെ വാക്കുകളാണ് തങ്ങൾക്ക് കരുത്തേകുന്നതെന്ന് സന്യാസിനിമാർ പറയുന്നു. ഫെബ്രുവരി എട്ടിന് ആചരിച്ച മനുഷ്യക്കടത്തിനെതിരായ ലോക പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ മാർപാപ്പയും വിശ്വാസിസമൂഹത്തോട് ഇത്തരം വിപത്തുകൾക്കെതിരെ പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്തിരുന്നു.

"ഞങ്ങൾ ഇത് ചെയ്യുന്നത് പ്രശസ്തിക്കു വേണ്ടിയല്ല, ഓരോ പെൺകുട്ടിയും ദൈവത്തിന്റെ ദാനമാണ്. അവർ ചൂഷണം ചെയ്യപ്പെടാൻ പാടില്ല," എന്ന് ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്യാസിനിമാർ വ്യക്തമാക്കുന്നു. മരണത്തിന്റെ ഇരുട്ടിൽ നിന്ന് പ്രത്യാശയുടെ വെളിച്ചത്തിലേക്ക് ഈ പെൺകുട്ടികളെ കൈപിടിച്ചുയർത്തുന്ന സഭയുടെ ഈ നിശബ്ദ സേവനം ഇന്ന് ആഗോളതലത്തിൽ വലിയ ചർച്ചയാവുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.