ഇറാനിലെ നതാന്‍സ് ആണവ നിലയത്തില്‍ അമേരിക്കന്‍ ആക്രമണം; സൗദിയിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയില്‍ ഇറാന്റെ ആക്രമണം

ഇറാനിലെ നതാന്‍സ് ആണവ നിലയത്തില്‍ അമേരിക്കന്‍ ആക്രമണം; സൗദിയിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയില്‍ ഇറാന്റെ ആക്രമണം

അരാംകോ റിഫൈനറി താല്‍കാലിക്കമായി അടച്ചു. യുഎഇയിലെ ആമസോണിന്റെ ഡാറ്റാ സെന്ററില്‍ അജ്ഞാത വസ്തു പതിച്ചു. പ്രവര്‍ത്തനം നിര്‍ത്തി വച്ചു.

ടെഹ്‌റാന്‍: നതാന്‍സ് ആണവ നിലയത്തില്‍ അമേരിക്ക ആക്രമണം നടത്തിയതായി ഇറാന്‍. ഇതേ തുടര്‍ന്ന് ആണവ ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചു.

അതിനിടെ സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരേ ഇറാന്റെ ഡ്രോണ്‍ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് റിഫൈനറി താല്‍കാലിക്കമായി അടച്ചു. സൗദിയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി.

സൈപ്രസിലെ ബ്രിട്ടിഷ് വ്യോമ താവളത്തിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. അക്രോത്തിരിയിലെ റോയല്‍ എയര്‍ഫോഴ്‌സ് ബേസിനെതിരെയായിരുന്നു ആക്രമണം. ഇറാനെതിരായ ആക്രമണത്തില്‍ തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് അനുവാദം കൊടുക്കില്ലെന്ന് പറഞ്ഞെങ്കിലും യുഎസിന്റെ പടനീക്കങ്ങള്‍ക്കൊപ്പം മേഖലയില്‍ കൂടുതല്‍ സൈനിക വിന്യാസം ബ്രിട്ടനും നടത്തിയിരുന്നു.

ഷഹീദ് വിഭാഗത്തില്‍പ്പെട്ട ആളില്ലാ വിമാനം പുലര്‍ച്ചെ 12:03 ന് സൈനിക കേന്ദ്രത്തില്‍ തകര്‍ന്നു വീണെന്നും ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൂലിഡെസ് അറിയിച്ചു. ഇറാന്‍ നിര്‍മിത ഷഹീദ് ഡ്രോണ്‍ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന് വ്യക്തമായിട്ടില്ല.

യുഎഇയിലെ ആമസോണിന്റെ ഡാറ്റാ സെന്ററില്‍ അജ്ഞാത വസ്തു പതിച്ചതിനെ തുടര്‍ന്ന് തീപിടിത്തം ഉണ്ടായതിനാല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. ഡാറ്റാ സെന്ററിലേയ്ക്കുള്ള വൈദ്യുതി വിതരണം താല്‍ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ 4:30 ഓടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. തുടര്‍ന്ന് തീപ്പൊരിയും തീയും ഉണ്ടായതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒന്നിലധികം ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചിട്ടുള്ള അവൈലബിലിറ്റി സോണിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.