കണ്ണൂര്‍: മുന്‍ കെപിസിസി പ്രസിഡന്റും എംപിയുമായ കെ.സുധാകരന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് സുധാകരനെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ നിയമസഭാ സീറ്റ് നല്‍കാത്തതിലുള്ള തന്റെ അതൃപ്തി നേതൃത്വത്തെ അറിയിച്ച് സുധാകരന്‍ ഇന്നലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ വൈകാരികമായ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു.
കണ്ണൂരില്‍ പകരക്കാരനെ കെ.സുധാകരന് തന്നെ നിശ്ചയിക്കാമെന്ന ഫോര്‍മുല കെപിസിസി മുന്നോട്ടു വെച്ചിട്ടുണ്ട്. സുധാകരന് നിര്‍ദേശിക്കുന്നത് ആരായാലും അംഗീകരിക്കുമെന്നും കെപിസിസി അറിയിച്ചു.
എംപിമാര്‍ മത്സരിക്കേണ്ട എന്നാണ് പൊതുവേയുള്ള തീരുമാനമെന്ന് സണ്ണി ജോസഫ് സുധാകരനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി 10 മണിയോടെ സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് മടങ്ങിയത്.
പരിപാടികളില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് സുധാകരന്‍ മടങ്ങിയത് എന്നാണ് സണ്ണി ജോസഫിന്റെ വിശദീകരണം. എന്നാല്‍ തനിക്ക് മത്സരിക്കണമെന്ന് നിരന്തരം നേതൃത്വത്തെ അറിയിച്ചിട്ടും അനുമതി ലഭിക്കാത്തതാണ് സുധാകരനെ ചൊടിപ്പിച്ചത്.
സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ട് കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സുധാകരനെ ഒഴിവാക്കിയാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും എന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്. അതിനിടെ സുധാകരന്റെ കണ്ണൂരിലെ വീട്ടിലേക്ക് അനുയായികളുടെ ഒഴുക്കാണ്.
സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുമ്പോള്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്ന് സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കണം എന്നാണ് സുധാകരന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
സുധാകരനെ മത്സരിപ്പിക്കാന്‍ നേതൃത്വം ആലോചിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ എംപിമാര്‍ സ്ഥാനാര്‍ത്ഥി മോഹവുമായി വന്നതോടെയാണ് സുധാകരന് മാത്രമായി ഇളവ് നല്‍കേണ്ടതില്ല എന്ന തീരുമാനമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.