വാഷിങ്ടണ്‍: ഇറാന്‍ എണ്ണയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന ഉപരോധത്തില്‍ താല്‍കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. പശ്ചിമേഷ്യയിലെ യുദ്ധ സമാനമായ സാഹചര്യങ്ങളെത്തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ ക്രൂഡ് ഓയില്‍ വിലക്കയറ്റവും വിതരണ പ്രതിസന്ധിയും പരിഹരിക്കാനാണ് ഈ നീക്കം.
മാര്‍ച്ച് 20 ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാന്‍ ക്രൂഡ് ഓയില്‍, മറ്റ് പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിതരണത്തിനും വില്‍പനയ്ക്കും ഏപ്രില്‍ 19 വരെ അനുമതി നല്‍കിയതായി യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു. അതേസമയം ക്യൂബ, ഉത്തര കൊറിയ, റഷ്യന്‍ അധിനിവേശത്തിലുള്ള ഉക്രെയ്ന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ഈ ഇളവ് ബാധകമായിരിക്കില്ല.
ഏകദേശം 140 ദശലക്ഷം ബാരല്‍ എണ്ണ ആഗോള വിപണിയിലേക്ക് എത്തിക്കാന്‍ ഈ ഇളവ് സഹായിക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. നിലവില്‍ ചൈന കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് വെച്ചിരിക്കുന്ന ഇറാന്റെ എണ്ണ ശേഖരം ലോക വിപണിക്കായി തുറന്ന് കൊടുക്കുന്നത് വിതരണ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസും ഇസ്രയേലും ഇറാനെതിരെ നടത്തി വരുന്ന സൈനിക നീക്കങ്ങള്‍ എണ്ണ വിതരണത്തെ ബാധിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങളും ഊര്‍ജ്ജ മേഖലയ്ക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള വിപണിയില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്.
അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലേക്ക് നല്‍കാന്‍ തങ്ങളുടെ പക്കല്‍ മിച്ചമുള്ള എണ്ണയില്ലെന്ന് വ്യക്തമാക്കി ഇറാന്‍ ഓയില്‍ മന്ത്രാലയ വക്താവ് സമന്‍ ഘോഡോസി രംഗത്തെത്തി. അമേരിക്കന്‍ ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന എണ്ണ വാങ്ങുന്നവര്‍ക്ക് വെറുതെ പ്രതീക്ഷ നല്‍കാന്‍ മാത്രമുള്ളതാണെന്നായിരുന്നു ഘോഡോസിയുടെ പരിഹാസം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.