ദുബായ് : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ യുഎഇക്കു നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. അബുദാബി ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലിനെ യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു.
എന്നാൽ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയായ അൽ ഷവാമേഖിൽ പതിച്ച് ഒരു ഇന്ത്യൻ സ്വദേശിക്ക് പരിക്കേറ്റു. ഇദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇറാൻ വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകളും 25 ഡ്രോണുകളും തങ്ങൾ തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ ആക്രമണങ്ങളെ രാജ്യം ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇറാന്റെ വൈദ്യുതി ശൃംഖല 48 മണിക്കൂറിനുള്ളിൽ തകർക്കുമെന്ന് യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയായി തങ്ങളെ ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളുടെ ഊർജ -ജല വിതരണ സംവിധാനങ്ങൾ തകർക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ നീക്കങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ ശക്തമായി അപലപിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടി ആഗോള ഇന്ധന വിതരണം തടസപ്പെടുത്തുന്ന ഇറാന്റെ നടപടിക്കെതിരെ 22 രാജ്യങ്ങൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവന പുറത്തിറക്കി. ആക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കായി മാത്രം കാത്തിരിക്കണമെന്നും സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.