ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണ ലക്ഷ്യങ്ങളുടെ പട്ടിക തയ്യാറാക്കി ഇറാന്‍; വൈദ്യുത, ജല നിലയങ്ങളുടെ പേരുകളും പുറത്തുവിട്ടു

ഗള്‍ഫ് രാജ്യങ്ങളിലെ  ആക്രമണ   ലക്ഷ്യങ്ങളുടെ പട്ടിക തയ്യാറാക്കി ഇറാന്‍; വൈദ്യുത, ജല നിലയങ്ങളുടെ പേരുകളും  പുറത്തുവിട്ടു

ബരാക ആണവ നിലയം.

ദുബായ്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ ഇത്തരം കേന്ദ്രങ്ങളുടെ പട്ടിക പുറത്തു വിട്ട് ഇറാനിയന്‍ മാധ്യമങ്ങള്‍.

റവല്യൂഷണറി ഗാര്‍ഡിനോട് അടുപ്പം പുലര്‍ത്തുന്ന ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് യുഎഇയിലെ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ളവയുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇറാന്‍ ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി പട്ടിക പങ്കു വച്ചിട്ടുണ്ട്.

സൗദി അറേബ്യന്‍ അതിര്‍ത്തിക്കടുത്തുള്ള യുഎഇയുടെ നാല് റിയാക്ടറുകളുള്ള ബരാക ആണവ നിലയം ഉള്‍പ്പെടെയാണ് ഇറാന്റെ പട്ടികയിലുള്ളത്. യുഎഇയിലെ വൈദ്യുതി, ജല വിതരണ സംവിധാനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ഇപ്പോള്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി.

ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ആക്രമണം കടുപ്പിക്കുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയ പരിധി തിങ്കളാഴ്ച അര്‍ധരാത്രിയില്‍ അവസാനിക്കാനിരിക്കെയാണ് ഇറാന്‍ നിലപാട് കടുപ്പിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ സമ്പത്ത് ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഇതിനോടകം ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. ഖത്തര്‍, കുവൈറ്റ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ എണ്ണപ്പാടങ്ങളും റിഫൈനറികളും ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ ആക്രമണം നടത്തിയത്.

അബുദാബി ലക്ഷ്യമാക്കി ഞായറാഴ്ചയും ഇറാനില്‍ നിന്നും ആക്രമണം ഉണ്ടായതായി യുഎഇ അധികൃതര്‍ ഇന്ന് വ്യക്തമാക്കി. അബുദാബി ലക്ഷ്യമിട്ട് ഇറാനില്‍ നിന്നെത്തിയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.