'ചെറ്റ' എന്ന് വിളിച്ചിട്ടില്ല; 'ചെറ്റത്തരം' എന്നു മുതലാണ് ഇത്രമാത്രം അശ്ലീലമായി മാറിയതെന്ന് മുഖ്യമന്ത്രി

'ചെറ്റ' എന്ന് വിളിച്ചിട്ടില്ല; 'ചെറ്റത്തരം' എന്നു മുതലാണ് ഇത്രമാത്രം  അശ്ലീലമായി മാറിയതെന്ന് മുഖ്യമന്ത്രി

കട്ടപ്പന: അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരനെ താന്‍ ചെറ്റ എന്ന് വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദേഹം കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. ചെറ്റത്തരം എന്ന വാക്ക് ഇത്രമാത്രം അശ്ലീലമായി മാറിയത് എന്നുമുതല്‍ ആണെന്ന് എനിക്ക് മനസിലാകുന്നിന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവര്‍ അല്ല ഞങ്ങള്‍ എന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ എല്ലാം ചെറ്റകള്‍ ആണ് എന്നാണോ അതിന്റെ അര്‍ത്ഥം. ഞങ്ങളെ പറ്റി പറയുമ്പോള്‍ ഞാന്‍ പറയുന്ന വാചകമാണിത്. ദശാബ്ദങ്ങളായി ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്ന വാചകമാണ്. അത് സാധാരണ പറയുന്നതല്ലേ.

ചെറ്റത്തരം കാണിച്ചാല്‍ ചെറ്റത്തരം എന്ന് പറയില്ലേ. അതിന്റെ അര്‍ത്ഥം അയാളെ ചെറ്റ എന്ന് വിളിച്ചു എന്നാണോ? അയാളുടെ പേര് മാറ്റി വിളിച്ചു എന്നാണോ? അയാളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നിലയുണ്ടായോ? നിലപാടുകളുടെ വഞ്ചനയല്ലേ കാണിച്ചത്. വഞ്ചകന്‍, വര്‍ഗ വഞ്ചകന്‍ എന്ന് പറയുമ്പോള്‍ എന്താണ് അതിന്റെ അര്‍ഥം. നിലപാടുകളുടെ ഭാഗമായി പറയുന്നതല്ലേ'- തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

തിരഞ്ഞെടുപ്പ് പൊതുയോഗത്തിലെ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് 'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'യെന്ന് പറഞ്ഞതിനെപ്പറ്റിയും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യത്തോട് അദേഹം പ്രതികരിച്ചു. ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാല്‍ പ്രതികരണം സ്വാഭാവികമായിട്ട് വരുമെന്ന് പിണറായി പറഞ്ഞു.

'അവിടെ ആരും എന്നെ എതിര്‍ക്കാന്‍ വേണ്ടി വന്നതല്ല. എല്‍ഡിഎഫിനെ എതിര്‍ക്കാനും വന്നതല്ല. ചില ഘട്ടത്തില്‍ ചില പ്രത്യേക ആവേശക്കാര്‍ ഉണ്ടാവുമല്ലോ. ആവേശത്തിന്റെ ഭാഗമായി ചോദിച്ചതാണ്. ചോദ്യം ചോദിക്കാന്‍ ഇത് പത്രസമ്മേളനമല്ലല്ലോ? പൊതുയോഗമല്ലേ.

പൊതുയോഗത്തിന്റെ മുന്നില്‍ നിന്ന് നിങ്ങള്‍ ചോദ്യം ചോദിക്കുമോ? അങ്ങനെ ചോദിച്ചാല്‍ മറുപടി അങ്ങനെ തന്നെയായിരിക്കും. ഇത് സ്വാഭാവികമാണ്. പൊതുയോഗത്തിന് അതിന്റെതായ മര്യാദയുണ്ട്. പൊതുയോഗത്തില്‍ പ്രസംഗിക്കുന്നവര്‍ പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ അത് കേള്‍ക്കേണ്ട. അതല്ലേ രീതി.'- മുഖ്യമന്ത്രി ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.