'ഇറാനില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനം ലഭിച്ചു'; ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്ന് ട്രംപ്: ഹാര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ടതെന്ന് സൂചന

'ഇറാനില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനം ലഭിച്ചു'; ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്ന് ട്രംപ്: ഹാര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ടതെന്ന് സൂചന

വാഷിങ്ടണ്‍: സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ നിന്ന് ലഭിച്ച 'രഹസ്യ' സമ്മാനത്തെക്കുറിച്ച് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവ വിഷയമല്ല, മറിച്ച് ഹോര്‍മൂസ് കടലിടുക്കും എണ്ണ, പ്രകൃതി വാതകം തുടങ്ങിയവയുമായും ബന്ധപ്പെട്ടതാണ് സമ്മാനമെന്നും അദേഹം വെളിപ്പെടുത്തി. സമ്മാനത്തിന് വലിയ സാമ്പത്തിക മൂല്യം ഉണ്ടെന്ന് പറഞ്ഞ ട്രംപ് എന്താണ് സമ്മാനം എന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല.

'കഴിഞ്ഞ ദിവസം അവര്‍ ആശ്ചര്യകരമായൊരു കാര്യം ചെയ്തു, ശരിക്കും അതൊരു സമ്മാനമായിരുന്നു. ഇന്നാണ് അത് ലഭിച്ചത്. അമൂല്യവും വിലപിടിപ്പുള്ളതുമായ ഒരു വലിയ സമ്മാനമായിരുന്നു അത്. എന്താണ് അത് എന്ന് ഇപ്പോള്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല, അതൊരു വിലപ്പെട്ട സമ്മാനം തന്നെയാണ്'- വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രപ് പറഞ്ഞു. ശരിയായ ആളുകളുമായിട്ടാണ് ഇപ്പോള്‍ ഇടപെടുന്നതെന്ന് സമ്മാനം ലഭിച്ചതോടെ വ്യക്തമായെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

എണ്ണ, വാതകവുമായി ബന്ധപ്പെട്ട സമ്മാനമാണ് ഇറാനില്‍ നിന്ന് ലഭിച്ചതെന്ന് അമേരിക്കന്‍ ചീഫ് കമ്മാന്‍ഡര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ സാധ്യതകളും അദേഹം പങ്കുവെച്ചു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടങ്ങിയതിനു പിന്നാലെ വാണിജ്യ ഇടനാഴിയായ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ഇത് ആഗോളതലത്തില്‍ വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു.

ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടകുകയാണെന്നും കരാറിലെത്താന്‍ ഇറാന്‍ നേതാക്കള്‍ സമ്മതിച്ചെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയുമായോ ഇസ്രായേലുമായോ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അയയുന്നതിന്റെ സൂചനകള്‍ നല്‍കി ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് നീട്ടിവെക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ വളരെ പുരോഗമനപരമാണെന്നും പശ്ചിമേഷ്യയിലെ ശത്രുത അവസാനിപ്പിക്കുന്നതിനായുള്ള പൂര്‍ണ്ണമായ പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.