ഇറാനില്‍ ഭരണകൂടവും സൈനിക നേതൃത്വവും തമ്മില്‍ അടി; ഭരണ നിയന്ത്രണം ഐആര്‍ജിസി ഏറ്റെടുത്തതായി റിപ്പോര്‍ട്ട്

ഇറാനില്‍ ഭരണകൂടവും സൈനിക നേതൃത്വവും തമ്മില്‍ അടി;  ഭരണ നിയന്ത്രണം ഐആര്‍ജിസി ഏറ്റെടുത്തതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാന്‍ ഭരണകൂടവും സൈനിക നേതൃത്വവും തമ്മില്‍ സംഘര്‍ഷം. ഇതേ തുടര്‍ന്ന് ഭരണ നിയന്ത്രണം സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ഏറ്റെടുത്തതായി ഇറാന്‍ ഇന്റര്‍നാഷണല്‍ ് റിപ്പോര്‍ട്ട് ചെയ്തു.

പ്രസിഡന്‍ഷ്യല്‍ നിയമനങ്ങളും തീരുമാനങ്ങളും ഐആര്‍ജിസി തടയുകയും അധികാര നിയന്ത്രണം കൊണ്ടുവരികയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഭരണകൂടം കാര്യനിര്‍വ്വഹണത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ ശ്രമങ്ങള്‍ ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ അഹമ്മദ് വാഹിദിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹുസൈന്‍ ദെഹ്ഗാന്‍ ഉള്‍പ്പെടെ നിര്‍ദേശിക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികളെയും ഐആര്‍ജിസി നിരസിച്ചു. യുദ്ധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ണായകവും സെന്‍സിറ്റീവുമായ എല്ലാ നേതൃ സ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങള്‍ ഐആര്‍ജിസി നേരിട്ട് നടത്തുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് വാഹിദി നിര്‍ബന്ധം പിടിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇറാനിയന്‍ രാഷ്ട്രീയ സംവിധാനത്തില്‍, രഹസ്യാന്വേഷണ മന്ത്രിമാരെ പരമോന്നത നേതാവിന്റെ അംഗീകാരം നേടിയതിന് ശേഷം മാത്രമാണ് പ്രസിഡന്റുമാര്‍ നാമനിര്‍ദേശം ചെയ്തിരുന്നത്. എന്നാല്‍ സമീപ ആഴ്ചകളില്‍ പരമോന്നത നേതാവ് മൊജ്താബ ഖൊമേനിയുടെ സ്ഥിതിയും സ്ഥാനവും വ്യക്തമല്ലാത്തതിനാല്‍ ഐആര്‍ജിസിയാണ് ഇപ്പോള്‍ പ്രസിഡന്റിനെ നിയന്ത്രിക്കുന്നുത്. .

സമീപദി വസങ്ങളില്‍ മൊജ്താബയുമായി അടിയന്തര കൂടിക്കാഴ്ച നടത്താന്‍ പെസെഷ്‌കിയന്‍ പലതവണ ശ്രമിച്ചിരുന്നു, എന്നാല്‍ പ്രതികരണം ലഭിച്ചിരുന്നില്ല. ഐആര്‍ജിയിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന ഒരു സൈനിക കൗണ്‍സില്‍ ഇപ്പോള്‍ പ്രധാന തീരുമാനങ്ങളില്‍ പൂര്‍ണ നിയന്ത്രണം ചെലുത്തുകയും മൊജ്താബയ്ക്ക് ചുറ്റും സുരക്ഷാ വലയം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ അദേഹത്തിന് ലഭിക്കുന്നത് തടയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊജ്താബയുടെ ആരോഗ്യസ്ഥിതി നിലവിലെ അധികാര സമവാക്യങ്ങള്‍ക്ക് കാരണമാകുന്നുണ്ടോ എന്നതിനെക്കുറിച്ചും ഊഹാപോഹങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അതേസമയം, മൊജ്താബയുടെ ചില അടുത്ത സഹായികള്‍ പരമോന്നത നേതാവിന്റെ ഓഫീസിലെ പ്രധാന വ്യക്തിയായ അലി അസ്ഗര്‍ ഹിജാസിയെ പുറത്താക്കാന്‍ ശ്രമിക്കുന്നതായി പറയപ്പെടുന്നു. മൊജ്താബയുടെ പിന്തുടര്‍ച്ചക്കുള്ള ഹിജാസിയുടെ വ്യക്തമായ എതിര്‍പ്പാണ് ഈ സംഘര്‍ഷങ്ങള്‍ക്ക് കാരണം.

പിന്തുടര്‍ച്ചക്ക് ആവശ്യമായ യോഗ്യതകള്‍ മൊജ്താബയ്ക്കില്ലെന്നും അലി ഖൊമേനി മുന്നോട്ടുവെച്ച തത്വങ്ങള്‍ക്ക് പാരമ്പര്യ പിന്തുടര്‍ച്ച അനുയോജ്യമല്ലെന്നും വിദഗ്ധ സഭാംഗങ്ങളെ ഹിജാസി താക്കീത് ചെയ്തിരുന്നതായി വിവരമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

മൊജ്താബയെ ഉയര്‍ത്തുന്നത് രാജ്യത്തിന്റെ മുഴുവന്‍ നിയന്ത്രണവും ഐര്‍ജിസിയ്ക്ക് കൈമാറാന്‍ ഇടയാക്കുമെന്നും സാധാരണ സിവില്‍ സ്ഥാപനങ്ങളെ എന്നെന്നേക്കുമായി മാറ്റി നിര്‍ത്തുമെന്നും ഹിജാസി മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍ ഒരു വ്യോമാക്രമണത്തില്‍ ഹിജാസിയെ ലക്ഷ്യമിട്ടതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദേഹം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് പിന്നീടുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.