ഹോര്‍മുസ് തുറന്നേ പറ്റൂ; ഇറാന്‍ കരാര്‍ ലംഘിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ട്രംപ്: തുടര്‍ ചര്‍ച്ചകള്‍ക്ക് മുന്‍പേ വീണ്ടും പ്രതിസന്ധി

 ഹോര്‍മുസ് തുറന്നേ പറ്റൂ; ഇറാന്‍ കരാര്‍ ലംഘിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ട്രംപ്: തുടര്‍ ചര്‍ച്ചകള്‍ക്ക്  മുന്‍പേ വീണ്ടും പ്രതിസന്ധി

വാഷിങ്ടണ്‍: ഇറാന്‍ കരാര്‍ ലംഘിച്ചാല്‍ ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സൈനിക നീക്കം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്നും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നു കൊടുക്കുമെന്നും നേരത്തെ തന്നെ ധാരണയായതാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.

ഇറാന്‍ അമേരിക്കയുടെ എല്ലാ നിബന്ധനകളും പാലിക്കുന്നത് വരെ തങ്ങളുടെ കപ്പലുകളും വിമാനങ്ങളും സൈനികരും മേഖലയില്‍ തന്നെ നിലയുറപ്പിക്കുമെന്നും ആവശ്യമായ ആയുധശേഖരം കരുതിയിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടരുന്നുവെന്നും ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും ആരോപിച്ച് ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം വീണ്ടും തടഞ്ഞതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. മാത്രമല്ല യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും സ്ഥിതിഗതികള്‍ വഷളാക്കി.

എന്നാല്‍ ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടിനോട് ട്രംപും യോജിച്ചു.

വെള്ളിയാഴ്ച ചര്‍ച്ചകള്‍ തുടങ്ങാനിരിക്കേ ഇരുവിഭാഗവും നിലപാടുകള്‍ കടുപ്പിച്ചത് പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആവശ്യമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.